മുക്കാളിയിലെ ദേശീയപാതക്കായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു: ഒഴിവായത് വൻ ദുരന്തം

news image
Jul 2, 2024, 5:52 am GMT+0000 payyolionline.in

വടകര: വടകരക്കും തലശേരിക്കുമിടയില്‍ മീത്തലെ മുക്കാളിയിൽ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി പണിത കൂറ്റൻ സംരക്ഷണ ഭിത്തി തകർന്നു. ഒഴിവായത് വൻ ദുരന്തം. ഭിത്തി നിർമ്മാണത്തിന്റെ ഭാഗമായി പണിത സംരക്ഷണ കോൺക്രീറ്റ് ഭിത്തിയും മണ്ണും റോഡിൽ കുമിഞ്ഞതോടെ ഇതിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു.

തിങ്കളാഴ്ച്ച കാലത്ത് എട്ട് മണിയോടെയാണ് സംഭവം. ദേശീയപാതയിൽ കോൺക്രീറ്റ് ഭിത്തിക്ക് താഴെയാണ് പാത സ്ഥിതി ചെയ്യുന്നത്. മുകളിൽ ചെറിയ റോഡും ഇതിന് തൊട്ട് മൂന്ന് വീടുകളുമുണ്ട്. കനത്ത മഴയെ തുടർന്നാണ് ഭിത്തി തകർന്നത്. മുകളിലെ റോഡിലൂടെ സ്കൂൾ കുട്ടികൾ പോയി പത്ത് മിനിറ്റ് കഴിഞ്ഞതോടെയാണ് സംരക്ഷണ ഭിത്തി നിലംപതിച്ചത്. നേരത്തെ അപകട സാദ്ധ്യതയുള്ള പ്രദേശമായതിനാൽ ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർ അടക്കം ഇവിടെ എത്തി ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഭിത്തി നിർമ്മിക്കുമെന്ന് അറിയിച്ചിരുന്നു. ഇതാണ് നിലംപൊത്തിയത്.

 

ഉച്ചയോടെ ദേശീയപാത അതോറിറ്റി നാട്ടുകാരുമായി ചർച്ച നടത്തിയിരുന്നു. പലയിടത്തും സംരക്ഷണ ഭിത്തി അപകടാവസ്ഥയിലാണ്. വാഹനങ്ങൾ മറ്റു വഴിയിലൂടെ തിരിച്ച് വിടുകയായിരുന്നു. ഭിത്തി തകർന്നിട്ടും ഉദ്യോഗസ്ഥർ സ്ഥലത്ത് വരാത്തത് പ്രതിഷേധത്തിന് ഇടയാക്കി. വീണ മണ്ണ് നീക്കം ചെയ്യാൻ അനുവദിച്ചില്ല. തുടർന്ന് ദേശീയപാത അതോറിറ്റി നാട്ടുകാരുമായി നടത്തിയ ചർച്ചയുടെ ഭാഗമായി മണ്ണിടിഞ്ഞ പ്രദേശത്തിന് സമീപമുള്ള ഭൂമി അധികൃതർ ഏറ്റെടുക്കാമെന്നുള്ള ഉറപ്പിനെ തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്.

 

വൈകുന്നേരത്തോടെ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിച്ചു. മണ്ണിടിച്ചല്‍ നടന്ന നടന്ന പ്രദേശത്തെ അഞ്ച് കുടുംബങ്ങളെ ഭീക്ഷണിയില്‍ നിന്ന് രക്ഷിക്കാന്‍ അവരുടെ ഭൂമിയും സ്വത്തും ഏറ്റെടുക്കല്‍ നടപടി ഉന്നതലത്തില്‍ തീരുമാനമെടുക്കും . ഒഞ്ചിയം പഞ്ചായത്തിലെ മൂന്ന് വീടും അഴിയൂര്‍ പഞ്ചായത്തിലെ രണ്ട് വീടുമാണ് ഭീക്ഷണിയില്‍ ഉളളത്. കൂടുതല്‍ ഭീഷണി നേരിടുന്ന കൈതോകുന്നുമ്മല്‍ ഉഷ ദേവരാജ് കുടുംബത്തെ മാറി താമസിപ്പിക്കാന്‍ ദേശീയപാത അധികൃതരെ ചുമതലപ്പെടുത്തി.

 

ഭിത്തി സുരക്ഷിതമായി ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മാണം നടത്താന്‍ ഉടന്‍ നടപടി എടുക്കും.യോഗത്തില്‍  ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി.ഗിരിജ, പഞ്ചായത്ത് പ്രസിഡന്‍റ് മാരായ പി.ശ്രീജിത്ത് , ആയിഷ ഉമ്മര്‍, ഡെപ്യൂട്ടി കലക്ടര്‍ എസ്. സജീദ്, തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്, ഡെപ്യൂട്ടി തഹസില്‍ ദാര്‍ ഇ.കെ.ഷാജി, ദേശിയപാത പ്രതിനിധി രാജ്പാല്‍ , ഡി.വൈ.എസ്.പി .കെ.വിനോദ് കുമാര്‍ , ചോമ്പാല എസ്.എച്ച്.ഒ അജിത്ത് കുമാര്‍ , വില്ലേജ് ഓഫീസര്‍ കെ.പി.രമേഷ് , വാര്‍ഡ് അംഗങ്ങളായ വി.പി.ഗോപാലകൃഷ്ണന്‍ , കെ.ലീല , പി.കെ.പ്രീത , കെ.എം. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രശ്നം ഷാഫി പറമ്പിൽ എം.പി യും കെ.കെ.രമ എം.എൽ.എ യും ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. സംഭവം അറിഞ്ഞ് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല, രാഷ്ട്രീയപാർട്ടി നേതാക്കളായ ,ടി.പി.ബിനീഷ്, കോട്ടയിൽ രാധാകൃഷ്ണൻ, പി.ബാബുരാജ്, സുബിൻ മടപ്പള്ളി ഹാരിസ് മുക്കാളി, എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe