കോഴിക്കോട്: മുക്കത്ത് വീടിന്റെ ഓട് പൊളിച്ച് ഉള്ളിൽ കടന്ന കള്ളൻ 25 പവൻ സ്വർണം മോഷ്ടിച്ചു. കാരശ്ശേരിയ്ക്കടുത്ത് കുമാരനെല്ലൂരിൽ ചക്കിങ്ങൽ വീട്ടിൽ സെറീനയുടെ വീട്ടിലാണ് മോഷണം. ശനിയാഴ്ച രാത്രി എട്ടിനും പത്തിനുമിടയിലാണ് സംഭവം.
സെറീനയും കുടുംബവും ബന്ധുവീട്ടിൽ വിവാഹ സൽക്കാരത്തിന് പോയതായിരുന്നു. രാത്രി എട്ടോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. പത്തുമണിയോടെ തിരിച്ചെത്തി. വീട് അകത്തുനിന്ന് കുറ്റിയിട്ട നിലയിലായതിനാൽ തുറക്കാനായില്ല. പിന്നീട് അടുക്കള വാതിൽ തകർത്ത് ഉള്ളിൽ കയറിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
ഓടുപൊളിച്ച് അകത്തുകടന്ന മോഷ്ടാവ് റൂമിലെ അലമാരയുടെ ചുവട്ടിൽ പെട്ടികളിൽ സൂക്ഷിച്ച സ്വർണം കവരുകയായിരുന്നു. 16 ലക്ഷത്തോളം രൂപ വിലവരുന്ന സ്വർണമാണ് മോഷ്ടിക്കപ്പെട്ടത്. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.