മാലിന്യപ്ലാന്റിലെ തീ; ബ്രഹ്‌മപുരത്ത് മെഡിക്കല്‍ ക്യാംപ് തുടങ്ങി

news image
Mar 7, 2023, 2:34 pm GMT+0000 payyolionline.in

കൊച്ചി: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീയണയ്ക്കലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനായി പ്ലാന്റിനു സമീപത്ത് മെഡിക്കല്‍ ക്യാംപ് പ്രവര്‍ത്തനമാരംഭിച്ചു. 24 മണിക്കൂറും മെഡിക്കല്‍ ടീമിന്റെ സേവനമുണ്ടാകും. ഫയര്‍ ആൻഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്.

നാല് ഡോക്ടര്‍മാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ സേവനം നല്‍കും. പാരാമെഡിക്കല്‍ സ്റ്റാഫും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ നഴ്‌സുമാരും സേവനത്തിനുണ്ടാകും. രണ്ട് ആംബുലന്‍സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സില്‍ രണ്ട് ഓക്‌സിജന്‍ പാര്‍ലറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ആംബുലന്‍സില്‍ മെഡിക്കല്‍ സംഘമാണുള്ളത്. ജീവനക്കാര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ആംബുലന്‍സിലുണ്ടാകും.

ആശുപത്രികളിലേക്ക് രോഗികളെ മാറ്റേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി. വടവുകോട് സാമൂഹികാരോഗ്യ കേന്ദ്രം, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, കളമശേരി മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ രോഗികളെ ഈ ആശുപത്രികളിലെത്തിക്കും.

നേരത്തേ ബ്രഹ്‌മപുരം മാലിന്യപ്ലാന്റിനു സമീപത്തെ കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്മിഷന്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി മെഡിക്കല്‍ ക്യാംപ് നടത്തിയിരുന്നു. സ്റ്റേഷനിലെ 40 ജീവനക്കാര്‍ക്ക് വൈദ്യ പരിശോധന നടത്തി. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുണ്ടോ എന്നാണ് പരിശോധിച്ചത്. ആവശ്യമായ മരുന്നുകളും നല്‍കി. രക്തസമ്മര്‍ദം, പ്രമേഹം എന്നീ പരിശോധനകളും ക്യാംപില്‍ ലഭ്യമാക്കി.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ശ്രീദേവിയുടെ നേതൃത്വത്തിലാണ് ക്യാംപ് ആരംഭിച്ചത്. അഡീഷണല്‍ ഡിഎച്ച്എസ് ഡോ. വി. ജയശ്രീ സ്ഥലത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ഡോ. വിവേക് പൗലോസ്, ഡോ. അമിത, ഡോ. അനീഷ് ബേബി, ഡോ. ഷാബ് ഷെറീഫ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. കലക്ടര്‍ ഡോ. രേണു രാജ് മെഡിക്കല്‍ ക്യാംപിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe