മാറനല്ലൂർ പഞ്ചായത്തംഗത്തിനെതിരെ ആസിഡ് ആക്രമണം: പ്രതി തമിഴ്നാട്ടിലേക്ക് കടന്നു? തിരച്ചിൽ ഊർജ്ജിതം

news image
Jul 24, 2023, 1:44 am GMT+0000 payyolionline.in

തിരുവനന്തപുരം: മാറനല്ലൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെ ആസിഡ് ഒഴിച്ച കേസിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. ആസിഡ് ആക്രമണത്തിന് ഇരയായ സുധീർഖാന്റെ സുഹൃത്ത്  സജിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവദിവസം സജിയാണ് വീട്ടിലെത്തിയതെന്ന് സുധീർഖാന്റെ ഭാര്യ മൊഴി നൽകിയിരുന്നു.

ഇന്നലെ മുതൽ സജി ഒളിവിലാണ്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന സംശയവും പോലീസിനുണ്ട്. മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. സജി ആസൂത്രിതമായി നടപ്പിലാക്കിയ ആക്രമണം എന്നാണ് പോലീസിന്റെ നിഗമനം. സുധീർഖാനെ ആക്രമിച്ച ശേഷം ഇയാൾ സ്വന്തം വീട്ടിലേക്ക് പോയിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ സുധീർഖാൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരുകയാണ്. ബേൺ ഐ സി യു വിൽ ആണ് സുധീർഖാനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. മാറനല്ലൂരിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു സുധീർഖാൻ. മുറിയിൽ നിന്ന് ശബ്ദം കേട്ട് ഭാര്യ എത്തുമ്പോൾ സുധീർഖാന്റെ ദേഹമാസകലം പൊള്ളലേറ്റ നിലയിലായിരുന്നു. മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ കാട്ടാക്കടയിലെ  ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പൊള്ളലേൽക്കാൻ കാരണം ആസിഡ് ആണെന്ന് കണ്ടെത്തിയത്.

തുടർന്ന് സുധീ‌ർ ഖാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ആസിഡ് ആണെന്ന് തിരിച്ചറഞ്ഞതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ഇയാളുടെ സുഹൃത്ത് സജി വീട്ടിലെത്തിയ വിവരം ഭാര്യ പറ‍ഞ്ഞത്. സുധീർഖാന് നിലവിളിച്ചതോടെ ഇയാൾ ഓടി രക്ഷപെട്ടെന്നും ഭാര്യ മൊഴി നൽകി.

സുധീർഖാന്റെ വീട്ടിൽ പൊലീസ് നടത്തിയ ആസിഡ് കൊണ്ടുവന്ന കുപ്പി കണ്ടെത്തി. ഫൊറൻസിക് വിദഗ്ധരും സംഭവ സ്ഥലത്ത് പരിശോധന നടത്തി. നേർപ്പിച്ച ആസിഡാണ് ഉപയോഗിച്ചതെന്നാണ് നിഗമനം. സുധീർഖാന്റെ ഭാര്യയുടെ മൊഴി പ്രകാരമാണ് പൊലീസ് കേസെടുത്തത്. സുധീർഖാനും സജിയും സിപിഐ പ്രവർത്തകരാണ്. അടുത്ത സുഹൃത്തുക്കളായ ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം മിൽമ സഹകരണ സംഘത്തിലെ പ്രശ്നങ്ങളെ ചൊല്ലി തർക്കമുണ്ടായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe