മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും ഭീഷണിയും; കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു

news image
Jun 28, 2023, 9:54 am GMT+0000 payyolionline.in

ഹൈദരാബാദ്: മാധ്യമപ്രവർത്തകയ്ക്ക് നേരെ സൈബർ ആക്രമണവും വധഭീഷണിയുമെന്ന് പരാതി. ഹൈദരാബാദിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകയായ തുളസി ചന്തുവിന് നേരെയാണ് ഭീഷണി. തീവ്ര വലത് ഹിന്ദുത്വ അക്കൗണ്ടുകൾ ബലാത്സംഗ ഭീഷണി അടക്കം ഉയർത്തിയിട്ടുണ്ട്. താൻ കൊല്ലപ്പെടുമെന്ന് ഭയക്കുന്നതായി തുളസി ചന്തു പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും തീവ്ര വലത് മത സംഘടനകൾക്കും എതിരെ തുളസി വീഡിയോകളിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. 14 വർഷം മുഖ്യധാരാ മാധ്യമങ്ങളിൽ ജോലി ചെയ്ത ശേഷം തുളസി ചന്തു സ്വന്തമായി യൂട്യൂബിൽ മാധ്യമ ചാനൽ ആരംഭിച്ചിരുന്നു. ഇതുവഴി പുറത്തുവിട്ട വീഡിയോകളുടെ പേരിലാണ് ഭീഷണി നേരിടുന്നത്.

ഫെയ്സ്ബുക്കിൽ നീണ്ട വൈകാരിക കുറിപ്പ് തുളസി ചന്തു പങ്കുവെച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി ഈ ഫെയ്സ്ബുക്ക് കുറിപ്പിൽ അവർ പറയുന്നു. 1.79 ലക്ഷം സബ്സ്ക്രൈബർമാരുള്ള തുളസിയുടെ യൂട്യൂബ് ചാനൽ വഴി അദാനിക്കും റെയിൽവെക്കും കേന്ദ്രസർക്കാരിനും എതിരെയുള്ള വീഡിയോ റിപ്പോർട്ടുകൾ പങ്കുവെച്ചിരുന്നു. തീവ്ര വലത് ഹിന്ദുത്വ സംഘടനകൾക്കെതിരെയും തുളസി നിശിത വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനം ഭരിക്കുന്ന ബിആർഎസ് നേതാക്കൾ പോലും തുളസിക്ക് പിന്തുണയുമായി എത്തിയിട്ടില്ല. അതേസമയം മാധ്യമപ്രവർത്തകരായ ചിലർ തുളസിക്ക് ഐക്യദാർഢ്യം അറിയിച്ചും സൈബർ ആക്രമണത്തിൽ നടപടി ആവശ്യപ്പെട്ടും പ്രതിഷേധിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe