കൊച്ചി∙ മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻഎംപിയുമായ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചോദ്യം ചെയ്യലിനു പിന്നാലെ ഗുരുതര വകുപ്പ് ചേർത്ത് എഫ്ഐആർ പരിഷ്കരിച്ചതോടെയാണ് സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ സർക്കാറിനോട് നിലപാടറിയിക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ നയിച്ചതിനോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കേസിനു കാരണമെന്നാണ് മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിക്കുന്നത്. പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വഴി തടഞ്ഞ മാധ്യമ പ്രവർത്തകയെ മാറ്റുക മാത്രമാണ് ചെയ്തതെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും ഹർജിയിൽ പറയുന്നു. കേസിൽ കോഴിക്കോട് നടക്കാവ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.