കൊച്ചി: മഹാരാജാസ് കോളജിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന് എതിരായ പ്രതിഷേധത്തിൽ നടപടി. രണ്ടു എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പ്രനിൽ രാജ് , നഫീസ്ത്തുൽ മിസ്രിയ എന്നിവർക്കാണ് സസ്പെൻഷൻ നൽകിയത്. കോളേജ് യൂണിയൻ ചെയർമാൻ, വൈസ് ചെയർപേഴ്സൺ എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. ബിരുദദാന ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധത്തിൽ എസ്എഫ്ഐക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്തെത്തിയിരുന്നു.
ബിരുദദാന ചടങ്ങ് രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പ്രതിഷേധത്തിന് രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. അധികാരത്തിൻ്റെ അഹങ്കാരം താൻ വേദിയിൽ കാണിച്ചിട്ടില്ല. സമരമെന്ന പേരിൽ തോന്നിയത് പോലെ ചെയ്യാമെന്ന് കരുതിയിട്ടുണ്ടെങ്കിൽ വിരട്ടലിന് മുന്നിൽ വിറയ്ക്കില്ല. പറയാനുള്ളത് പറഞ്ഞിട്ട് തന്നെയാണ് വേദി വിട്ടതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം
“മഹാരാജാസ് കോളേജ് പോലൊരു കലാലയത്തിൽ, വർഷങ്ങളുടെ അധ്വാനം പൂർത്തിയാക്കി അഭിമാനത്തോടെ ബിരുദം ഏറ്റുവാങ്ങാൻ കാത്തിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ മുഹൂർത്തത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെ എസ്എഫ്ഐ അലങ്കോലമാക്കാൻ ശ്രമിക്കരുതായിരുന്നു. ഓരോ പ്രതിഷേധത്തിനും രാഷ്ട്രീയമായ വ്യക്തതയും സമരങ്ങൾക്ക് ജനാധിപത്യപരമായ മര്യാദയും ഉണ്ടായിരിക്കണം. ഒരു പരിപാടിയിൽ പ്രതിഷേധിക്കുമ്പോൾ അതിന്റെ ലക്ഷ്യവും കാരണവും കൂടെയുള്ള വിദ്യാർത്ഥികൾക്ക് എങ്കിലും ബോധ്യപ്പെടണം. അല്ലാതെ ഒരുകൂട്ടം വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെ തകർത്തുകൊണ്ട് ആകരുത് പ്രതിഷേധങ്ങൾ.
