മാഹി : മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായിയുമായിരുന്ന എ.പി. കുഞ്ഞിക്കണ്ണന് (94) അന്തരിച്ചു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ ഞായറാഴ്ച വൈകിട്ടോടെ ചെന്നൈയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം.ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന എ.പി.കുഞ്ഞിക്കണ്ണന് കണ്ണൂര്‍ ചൊക്ലി മേനപ്ര ആക്കൂല്‍ വീട്ടില്‍ പരേതരായ കൃഷ്ണന്റെയും ചിരുതയുടെയും മകനായി 1928 ഡിസംബര്‍ ഒമ്പതിനാണ് ജനിച്ചത്. ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് പതിനെട്ടാം വയസില്‍ തൊഴില്‍ തേടി മദിരാശിയിലേക്ക് വണ്ടികയറി. സെന്‍ട്രല്‍ സ്റ്റേഷനടുത്ത ഹോട്ടലിലെ ജീവനക്കാരനായി തുടക്കം.
എം.പി. ദാമോദരനെ പരിചയപ്പെട്ടത് ജീവിതത്തില്‍ വഴിത്തിരിവായി. പുസ്തകങ്ങളുമായി കൂട്ടുകൂടിയതോടെ വായന ലഹരിയായി. മദ്രാസ് ഹാര്‍ബര്‍, റെയ്സ്കോഴ്സ്, ആര്‍മി ക്യാമ്പ് എന്നിവിടങ്ങളില്‍ കാന്റീന് ആരംഭിച്ച് പതുക്കെ വ്യാപാരമേഖലയിലേക്കു ചുവടുവെച്ചു. പിന്നീട് വെസ്റ്റേണ്‍ ഏജന്‍സീസ് എന്ന സ്ഥാപനം ആരംഭിച്ചു.എ.പിയുടെ മദ്രാസിലെ കാശ്മീര്‍ ലോഡ്ജ് മലയാളികളായ എഴുത്തുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താവളമായിരുന്നു. എം.ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ.എ.കൊടുങ്ങല്ലൂര്‍, എം.വി.ദേവന്, ടി.പദ്മനാഭന് തുടങ്ങി കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും സൗഹൃദങ്ങളുടെ വലിയ നിര അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം നാട്ടില്‍ ഒരു കലാസ്ഥാപനമെന്ന അദ്ദേഹത്തിന്റെ സ്വപ്നമാണ് മാഹിയില്‍ മയ്യഴിപ്പുഴയുടെ തീരത്ത് മലയാള കലാഗ്രാമം യാഥാർഥ്യമാക്കിയത്. ക്ലാസിക് കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എ.പി.കുഞ്ഞിക്കണ്ണന് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 1993-ലാണ് മലയാള കലാഗ്രാമം തുറന്നത്. മുപ്പത് വര്‍ഷത്തിനിടെ ഇവിടെ നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ നൃത്തത്തിലും ചിത്രമെഴുത്തിലും സംഗീതത്തിലുമെല്ലാം പ്രാവീണ്യം നേടി.
കള്ളിമുള്‍ ചെടികള്‍ നിറഞ്ഞ തരിശ് നിലമായിരുന്ന ചെന്നൈ നഗരത്തിനടുത്ത ഊത്തുകോട്ടയിലെ കൊടുംചൂടുള്ള പ്രദേശത്ത് മാവുകള്‍ നട്ടുപിടിപ്പിച്ച് ഹരിതസമൃദ്ധമാക്കി പരിസ്ഥിതി സ്നേഹി എന്ന നിലയിലും തന്റെ പേര് തമിഴ്നാട്ടില്‍ അടയാളപ്പെടുത്തി. ചെന്നൈയിലെ കലാ സാംസ്കാരിക രംഗത്തും സക്രിയമായ നിശബ്ദസാന്നിധ്യമായിരുന്ന എ.പി. കുഞ്ഞിക്കണ്ണന് അവിവാഹിതനായിരുന്നു.എ.പി. കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം തിങ്കളാഴ്ച രാവിലെ 11 മണി വരെ ചെന്നൈയിൽ കോടമ്പാക്കത്ത്അ ശോക് അവന്യുവിൽ 19|10 നമ്പർ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് റോഡ് മാർഗ്ഗം തലശ്ശേരിക്കടുത്ത് ചൊക്ലിയിലെ തറവാട്ട് വീടിലേക്ക് കൊണ്ടുപോകും. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12-ന് ചൊക്ലിയിലെ ആക്കൂൽ വീട്ടുവളപ്പിൽ.
അനുശോചിച്ചു.മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായിയുമായിരുന്ന എ.പി. കുഞ്ഞിക്കണ്ണന്റ്റെ നിര്യാണത്തിൽ കേരളാ കോൺഗ്രസ്( ജേക്കബ്) ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല അനുശോചിച്ചു