മലപ്പുറത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോ മോഷ്ടിച്ച് വിറ്റ് മുങ്ങി, നിരവധി കേസുകളിൽ പ്രതികളായ 3 പേർ അറസ്റ്റില്‍

news image
Aug 19, 2024, 4:57 am GMT+0000 payyolionline.in

പൊന്നാനി: മലപ്പുറം കണ്ടനകത്ത് റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷ മോഷ്ടിച്ച കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിൽ. നിരവധി മോഷണ കേസുകളിൽ പ്രതിയായ രണ്ട് പേർ അടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്. കോലോളമ്പ് സ്വദേശി പ്രശാന്ത് എന്ന കീടം പ്രശാന്ത്, പൊന്നാനി സ്വദേശി അൻസാര്‍ എന്ന ചട്ടി അൻസാർ, മാട്ടം സ്വദേശി നൗഷാദ് അലി എന്നിവരാണ് പിടിയിലായത്.

പ്രശാന്തും അൻസാറും ഓട്ടോറിക്ഷ മോഷ്ട്ടിച്ചവരും നൗഷാദ് അലി ഓട്ടോറിക്ഷ വില്‍ക്കാൻ സഹായിച്ച ആളുമാണ്. ഒന്നാം പ്രതി പ്രശാന്ത് നിരവധി മൊബൈൽ ഫോൺ, ബൈക്ക് മോഷണ കേസുകളിലെ പ്രതിയാണ്.ഇയാള്‍ക്കെതിരെ വധശ്രമത്തിനും കേസുണ്ട്. മലപ്പുറത്ത് നിന്ന് ഓട്ടോറിക്ഷ മോഷ്ടിച്ച ശേഷം കടന്നുകളഞ്ഞ പ്രശാന്തിനെ പത്തനം തിട്ട ആറന്മുളയില്‍ ഒരു പപ്പട നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. രണ്ടാം പ്രതി അൻസാറും നിരവധി കേസുകളില്‍ പ്രതിയാണ്.

വീട് കുത്തിത്തുറന്ന് കവർച്ച, മൊബൈൽ മോഷണം ഉൾപടെ തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ആയി 21 കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ചങ്ങരംകുളം കാഞ്ഞിയൂരിലെ വാടക വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളേയും മറ്റും നിരീക്ഷിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. തവനൂർ സ്വദേശി ഗോപി എന്നയാളുടെ ഓട്ടോറിക്ഷയാണ് മോഷ്ടിച്ച് വിറ്റത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe