മലപ്പുറം വളാഞ്ചേരിയിൽ  ആൺകുട്ടികളെ പീഡിപ്പിച്ചതിന് മദ്രസ അധ്യാപകനെതിരെ പോക്സോ; കേസ് ഒതുക്കാൻ പ്രമുഖർ, മാതാപിതാക്കൾക്ക് സമ്മർദ്ദം

news image
Oct 6, 2023, 4:04 am GMT+0000 payyolionline.in

വളാഞ്ചേരി:മലപ്പുറം വളാഞ്ചേരിയിൽ പോക്ക്സോ കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിലായ സംഭവത്തിൽ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദ്ദം എന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ മൊഴിമാറ്റാൻ ഉൾപ്പെടെ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്.  കഴിഞ്ഞ തിങ്കളാഴ്ചയാണ് വളാഞ്ചേരിയിൽ ആൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകൻ കുറ്റിപ്പുറം മധുരശേരി സ്വദേശി ഹബീബിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

 

പീഡന വിവരം ചൈൽഡ് ലൈനെ അറിയിച്ചത് മുതൽ പല കോണുകളിൽ നിന്നും സമ്മർദം തുടങ്ങിയെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ പറയുന്നു. ഹബീബിനെതിരെ കൂടുതൽ കുട്ടികൾ നേരത്തെയും പീഡന പരാതിയുമായി എത്തിയിരുന്നു. എന്നാൽ സമ്മർദം മൂലം പലരും പിന്മാറി എന്നാണ് ആരോപണം.  ഇരകൾക്ക് നിയമസഹായം നൽകാൻ ശ്രമിച്ചത് തന്നെയും ഭീഷണിപ്പെടുത്തിയെന്ന് പൊതു പ്രവർത്തകൻ ആയ ആരിഫും ആരോപിച്ചു.

 

 

എന്നാൽ ഇത്തരം ഒരു സംഭവം നടന്നിട്ടില്ല എന്നാണ് വളാഞ്ചേരി മഹല്ല് കമ്മിറ്റിയുടെ വിശദീകരണം. നിലവിൽ സമ്മർദ്ദം ചെലുത്തി എന്ന പേരിൽ ആരും സമീപിച്ചിട്ടില്ല എന്ന് വളാഞ്ചേരി പൊലീസ് പറയുന്നു. 7 കുട്ടികളുടെ മൊഴി പ്രകാരം മദ്രസാ അധ്യാപകനെതിരെ കേസ് എടുത്തിട്ടുണ്ട്. കൂടുതൽ ഇരകൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും തിരൂർ ഡിവൈഎസ്പി അറിയിച്ചു.

 

 

 

കഴിഞ്ഞ ദിവസം പാലക്കാടും പോക്സോ കേസിൽ മദ്രസാ അധ്യാപകൻ പിടിയിലായിരുന്നു. കൂറ്റനാട് തെക്കേ വാവനൂർ സ്വദേശി കുന്നുംപാറ വളപ്പിൽ മുഹമ്മദ് ഫസൽ (23) ആണ് അറസ്റ്റിലായത്. ഇത് രണ്ടാം തവണയാണ് ഫസൽ പോക്സോ കേസിൽ പിടിയിലാകുന്നത്. കറുകപുത്തൂരിൽ പ്രവർത്തിക്കുന്ന മത പഠനശാലയിൽ പഠിക്കുന്ന 14 വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിലാണ് മുഹമ്മദ് ഫസലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 14 കാരനെ പ്രതിയുടെ വാവനൂരിലെ വീട്ടിൽ എത്തിച്ചാണ് ഇയാൾ കുറ്റകൃത്യത്തിനിരയാക്കിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe