ന്യൂഡൽഹി: ഇടവേളക്ക് ശേഷം മണിപ്പൂരിൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രി നേച്ച കിചന്റെ വസതിക്ക് അക്രമകാരികൾ തീയിട്ടു. ബുധനാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. മണിപ്പൂരിൽ ചൊവ്വാഴ്ചയുണ്ടായ അക്രമത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ഖാമനേലോക് ഗ്രാമത്തിലാണ് സംഭവമുണ്ടായത്.
നിരവധി വീടുകൾക്കും അക്രമികൾ തീവെച്ചിട്ടുണ്ട്. സംഭവങ്ങളിൽ ഗോബജാങ് ഗ്രാമത്തിലെ നിരവധിപേർക്ക് പരിക്കേറ്റു. മണിപ്പൂരിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു. അതേസമയം, സംസ്ഥാനത്ത് കർഫ്യു സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
കിഴക്കൻ ഇംഫാൽ ജില്ലയിൽ രാവിലെ അഞ്ച് മണി മുതൽ വൈകീട്ട് ആറ് വരെയാണ് കർഫ്യുവിൽ ഇളവ് അനുവദിച്ചത്. പടിഞ്ഞാറൻ ഇംഫാൽ ജില്ലയിൽ രാവിലെ അഞ്ച് മുതൽ ഒമ്പത് വരെയാണ് ഇളവ്. അതേസമയം, സംസ്ഥാനത്തെ 16ൽ 11 ജില്ലകളിലും കർഫ്യു തുടരുകയാണ്. ഇന്റർനെറ്റ് നിരോധനവും തുടരുന്നു.