ദില്ലി : മണിപ്പൂരിലെ കലാപ സാഹചര്യം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ മുഖ്യമന്ത്രി ബിരേൻ സിംഗിന്റെ രാജി ആവർത്തിച്ച് ആവശ്യപ്പെട്ട് പ്രതിപക്ഷം. ബിരേൻ സിംഗ് രാജി വെച്ചാൽ മാത്രമേ ഫലപ്രദമായ ചർച്ചകൾ നടക്കുവെന്ന് പ്രതിപക്ഷ പാർട്ടികൾ ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തിൽ സംസാരിക്കണമെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട കോൺഗ്രസ് ആവശ്യപ്പെട്ടു. ആർഎസ്എസ് പോലും വിഷയത്തിൽ പ്രതികരിച്ച സാഹചര്യത്തിലും പ്രധാനമന്ത്രി പുലർത്തുന്ന മൌനം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ വേദനയാണ്. ഈ നിർണായക സമയത്ത് പ്രധാനമന്ത്രി വിദേശ പര്യടനത്തിലാണ്. വിഷയത്തിൽ ഒരക്ഷരം പോലും പ്രതികരിച്ചിട്ടില്ല. ബീരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനത്ത് ഉള്ളിടത്തോളം സംസ്ഥാനത്ത് സമാധാനം ഉണ്ടാകില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
മണിപ്പൂരിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലിലുണ്ടായ കാലതാമസത്തെ പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചതായി സിപിഎം പ്രതിനിധി ജോൺ ബ്രിട്ടാസ് എംപിയും പറഞ്ഞു. പ്രധാനമന്ത്രിയുടെ മൗനം ദൗർഭാഗ്യകരമാണ്. മണിപ്പൂർ സംബന്ധിച്ച് സർക്കാർ സമഗ്രമായ ചർച്ചയക്ക് തയ്യാറാക്കണം. പ്രതിപക്ഷം മുന്നോട്ട് വെച്ച നിർദേശങ്ങളോട് സർക്കാർ കൃത്യമായി പ്രതികരിച്ചില്ല. പരിശോധിച്ച ശേഷം പ്രതികരിക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞതായും ബ്രിട്ടാസ് പറഞ്ഞു.
മണിപ്പൂരില്‍ മെയ് മാസത്തിന്റെ തുടക്കത്തിൽ ആരംഭിച്ച കലാപം ഇനിയും അവസാനിച്ചിട്ടില്ല. നൂറിലധികം പേര്‍ കൊല്ലപ്പെടുകയും അക്രമത്തില്‍ വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. ഇതില്‍ പ്രതിപക്ഷം വിമർശനം കടുപ്പിക്കുന്നപോഴാണ് കേന്ദ്രം സർവകക്ഷിയോഗം വിളിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തില്‍ സർക്കാർ സംസ്ഥാനത്തെ നിലവിലെ സാഹചര്യം വിശദീകരിച്ചു. കലാപം നേരിടാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളും യോഗത്തില്‍ വ്യക്തമാക്കി.
മണിപ്പൂരിലേക്ക് സർവകക്ഷി സംഘത്തെ അയക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അടുത്ത ഒരാഴച്ചക്കുള്ളിൽ സംഘത്തെ അയക്കണമെന്നാണ് നിര്‍ദേശം. ഇതിനിടെ സർവകകക്ഷി യോഗത്തിന് ക്ഷണിക്കാത്തതില്‍ സിപിഐ പ്രതിഷേധിച്ചു. പി.സന്തോഷ് കുമാർ കുമാർ എംപിയെ സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ പാർട്ടി നിയോഗിച്ചിരുന്നെങ്കിലും പ്രവേശനം ലഭിച്ചില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ഇക്കാര്യത്തിൽ മറുപടി പറയണമെന്ന് ബിനോയ് വിശ്വം എംപി ആവശ്യപ്പെട്ടു. കലാപത്തില്‍ കുക്കി വിഭാഗത്തില്‍ നിന്ന് ഉള്ള ആളുകള്‍ കൊല്ലപ്പെട്ടതില്‍ ഇന്ന് ചുരാചന്ദ്പൂരില്‍ വിദ്യാര്‍ത്ഥി സംഘത്തിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു. കറുപ്പ് വസ്ത്രമണിഞ്ഞ് ശവപ്പെട്ടികളുമേന്തിയായിരുന്നു നിശബ്ദ പ്രതിഷേധം.