മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്: പൊലീസിന് ഗുരുതര വീഴ്ച; അക്കമിട്ട് നിരത്തി കോടതി വിധി

news image
Oct 7, 2024, 4:46 am GMT+0000 payyolionline.in

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസ് വീഴ്ചകൾ അക്കമിട്ട് നിരത്തി കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കോടതി വിധി. കുറ്റപത്രം സമര്‍പ്പിച്ചത് സമയ പരിധി കഴിഞ്ഞ ശേഷമെന്ന് വിമർശനമുണ്ട്. കാലതാമസം കൃത്യമായി ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. കെ സുന്ദരയുടെ പത്രിക ഭീഷണിപ്പെടുത്തി പിൻവലിപ്പിച്ചതിന് തെളിവില്ലെന്നും വിധിയിൽ പരാമർശമുണ്ട്.

 

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി ഇന്നലെയാണ് കുറ്റവിമുക്തനാക്കിയത്. സുരേന്ദ്രന്‍ അടക്കം ആറ് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് കോടതി വിധി. അതേസമയം അപ്പീല്‍ പോകുമെന്ന് കോഴക്കേസ് പരാതിക്കാരനായ വിവി രമേശന്‍ പറഞ്ഞു. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് ആശ്വാസം. സുരേന്ദ്രനെ കൂടാതെ യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക്, ബിജെപി മുന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് കെ. ബാലകൃഷ്ണ ഷെട്ടി, ബിജെപി നേതാക്കളായ സുരേഷ് നായിക്ക്, കെ. മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവരെയാണ് വെറുതെ വിട്ടത്.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയ്ക്ക് സ്ഥാനാര്‍ത്തിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.  കേസ് നിയമപരമായി നിലനില്‍ക്കില്ലെന്നും കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നും ആരോപിച്ച് നല്‍കിയ വിടുതല്‍ ഹര്‍ജിയാണ് ജില്ലാ സെഷന്‍സ് കോടതി അംഗീകരിച്ചത്. പട്ടിക ജാതി-പട്ടിക വര്‍ഗ അതിക്രമം തടയല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു കേസ്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് കോഴക്കേസ് പരാതിക്കാരനും സുരേന്ദ്രനെതിരെ സ്ഥാനാര‍്ത്ഥിയുമായിരുന്ന വിവി രമേശന്‍ പറഞ്ഞു. സുരേന്ദ്രന്‍ അടക്കമുള്ളവരെ വെറുതെ വിട്ടതില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe