പത്തനംതിട്ട : പരുമലയിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്ന സംഭവത്തിന്റെ ഞെട്ടലിലാണ് ഒരു നാടാകെ. നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി, ഭാര്യ ശാരദ എന്നിവരാണ് മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അനിൽകുമാറിനെ പൊലീസും നാട്ടുകാരും ചേർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.
രാവിലെ എട്ടരയോടെയാണ് നാടിനെ ആകെ നടുക്കിയ കൊലപാതകമുണ്ടായത്. കുടുംബ വഴക്കിനൊടുവിൽ അച്ഛൻ കൃഷ്ണൻകുട്ടിയെ മകൻ അനിൽകുമാർ മാരകമായി വെട്ടി. തടസ്സം പിടിക്കാൻ ചെന്ന അമ്മ ശാരദയെയും ആക്രമിച്ചു. ഇരുവരും തൽക്ഷണം മരിച്ചു. അനിൽകുമാർ വിവാഹമോചിതനാണ്. ഇയാളുടെ ശല്യം സഹിക്കവയ്യാതെ അച്ഛനും അമ്മയും ഏറെ കാലമായി വാടകവീട്ടിലായിരുന്നു താമസം. ഇക്കഴിഞ്ഞ ദിവസമാണ് അനിൽ കുമാർ തന്നെ ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. പ്രതി അനിൽകുമാറിന് ചില മാനസിക പ്രയാസങ്ങൾ ഉള്ളതായും പൊലീസ് പറയുന്നു.