മകനെ കൊന്നിട്ടില്ല, എങ്ങനെ മരിച്ചുവെന്ന് അറിയില്ലെന്ന് സുചനയുടെ മൊഴി; ഭർത്താവിനെ ചോദ്യം ചെയ്യും

news image
Jan 10, 2024, 1:55 pm GMT+0000 payyolionline.in

പനാജി: നാലുവയസുകാരനായ മകനെ താന്‍ കൊന്നിട്ടില്ലെന്നാണ് സ്റ്റാര്‍ട്ടപ്പ് സിഇഒ സുചന സേത്തിന്റെ മൊഴിയെന്ന് ഗോവന്‍ പൊലീസ്. ‘ഉറങ്ങി എഴുന്നേറ്റപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. എങ്ങനെ മരിച്ചുവെന്ന് അറിയില്ല. ഇതോടെ താന്‍ ഭയപ്പെട്ട് പോയി. കുറച്ച് നേരം മൃതദേഹത്തിന്റെ അരികില്‍ ഇരുന്നു.’ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് സുചനയുടെ മൊഴിയെന്ന് ഗോവന്‍ പൊലീസ് പറഞ്ഞു. സുചനയുടെ ഈ മൊഴി വിശ്വസിച്ചിട്ടില്ലെന്നും കുഞ്ഞിനെ കൊല്ലാനുള്ള കാരണങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ കഴിഞ്ഞാല്‍ സുചനയുടെ ഭര്‍ത്താവ് വെങ്കട്ടരാമനെ ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ചടങ്ങുകള്‍ കഴിഞ്ഞശേഷം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാമെന്നാണ് വെങ്കട്ടരാമനും കുടുംബവും പറഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ശ്വാസം മുട്ടിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമുണ്ട്. കുട്ടിയുടെ കഴുത്തിലോ ദേഹത്തോ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ലെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ വെച്ച് സുചന മകനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഹോട്ടല്‍ മുറിയില്‍ വെച്ച് മകനെ കൊന്ന ശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യവെയാണ് സുചന പൊലീസിന്റെ പിടിയിലാകുന്നത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്യാന്‍ നേരം ബംഗളുരുവിലേക്ക് ടാക്‌സി വേണമെന്ന് ഇവര്‍ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍ വിമാനത്തില്‍ പോവുന്നതായിരിക്കും ചെലവ് കുറവും സൗകര്യവുമെന്ന് ജീവനക്കാര്‍ അറിയിച്ചിട്ടും ടാക്‌സി തന്നെ വേണമെന്ന് സുചന നിര്‍ബന്ധം പിടിച്ചു. ഒടുവില്‍ ഹോട്ടല്‍ ജീവനക്കാര്‍ വാഹനം ഏര്‍പ്പാടാക്കി നല്‍കി. യുവതി ഹോട്ടല്‍ വിട്ട ശേഷം 11 മണിയോടെ മുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോള്‍ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി.

ഇതോടെ പൊലീസുകാര്‍ ടാക്‌സി ഡ്രൈവറെ ഫോണില്‍ വിളിച്ചു. മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ അടുത്താക്കിയെന്ന് യുവതി അറിയിക്കുകയായിരുന്നു. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ അതും നല്‍കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഈ വിലാസം വ്യാജമാണെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് വീണ്ടും ഡ്രൈവറെ ബന്ധപ്പെട്ടു. വാഹനം എവിടെ എത്തിയെന്ന് ചോദിച്ചപ്പോള്‍ കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലാണെന്ന് ഡ്രൈവര്‍ വ്യക്തമാക്കി. യുവതിക്ക് ഒരു സംശയവും തോന്നാതെ അവരെയും കൊണ്ട് വണ്ടി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കയറാന്‍ ഗോവ പൊലീസ് നിര്‍ദേശം നല്‍കി. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് വണ്ടി എത്തിച്ചു. ഗോവ പൊലീസ് അറിയിച്ചതനുസരിച്ച് ഐമംഗലയിലെ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗിനുള്ളില്‍ നാല് വയസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പൊലീസ് സുചനയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe