പേരാമ്പ്ര: പരിചരിക്കാനും അഭയംനൽകാനും ആരുമില്ലാതെ തനിച്ചായിപ്പോകുന്ന ഭിന്നശേഷിക്കാരായ പെൺകുട്ടികൾ ഏതൊരു രക്ഷിതാവിന്റെയും മനസ്സിലെ ശമിക്കാത്ത വേദനയാണ്. തങ്ങൾക്കുശേഷം അവരെ പൊന്നുപോലെ നോക്കാൻ ആരുണ്ടെന്ന ചോദ്യം എക്കാലവും അവരെ അലട്ടാറുണ്ട്. അതിന് പരിഹാരമായി അവർക്ക് താമസിക്കാനും സംരക്ഷണംനൽകാനുമുള്ള ഒരിടമാണ് ഈ ‘സ്നേഹക്കൂട്’.സംരക്ഷിക്കാൻ ആരുമില്ലാതെ ഭിന്നശേഷിക്കുട്ടികൾ സ്വന്തക്കാരാൽ കൊല്ലപ്പെടുന്ന അവസ്ഥയുണ്ടാകാതിരിക്കാനുള്ള സമൂഹത്തിന്റെ കരുതലാണിത്. കാരുണ്യമാണ് ഇതിന്റെ അടിത്തറ. സ്നേഹത്തോടെ കണ്ണിചേർന്ന മനുഷ്യരാണ് നെടുംതൂണുകൾ.
തണലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം സന്നദ്ധപ്രവർത്തകരുടെ ശ്രമഫലമായാണ് ‘സ്നേഹക്കൂട്’ ഒരുങ്ങുന്നത്. പന്തിരിക്കരയ്ക്ക് സമീപം പള്ളിക്കുന്നിൽ ഒന്നര ഏക്കർ സ്ഥലത്ത് എട്ടുവീടുകളാണ് പൂർത്തിയായത്. എറണാകുളം കോതമംഗലത്തെ പ്രവാസിവ്യവസായി സെമീർ പൂങ്കുഴിയാണ് 70 ലക്ഷം രൂപ ചെലവിൽ വീടുകൾ നിർമിച്ചുനൽകിയത്. ഇവിടെ കെയർടേക്കർമാരുടെ സംരക്ഷണത്തിൽ 50 ഭിന്നശേഷി പെൺകുട്ടികൾക്ക് കഴിയാനാകും. ഒാരോവീട്ടിലും ഏഴുപേരെവീതം താമസിപ്പിക്കും.
ഇത്തരമൊരു പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചപ്പോൾ ഒട്ടേറെ അപേക്ഷകളാണ് ലഭിച്ചതെന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന റിട്ട. പ്രധാനാധ്യാപകനായ പി.കെ. നവാസ് പറഞ്ഞു. അവരിൽനിന്നാണ് 50 പേരെ തിരഞ്ഞെടുത്തത്.
ഇവിടെ താമസിക്കുന്നവർക്ക് ജീവിതത്തിൽ സ്വയംപര്യാപ്തത നേടാൻ കഴിയുംവിധം 10,000 സ്ക്വയർ ഫീറ്റിൽ തൊഴിൽപരിശീലനശാലയും ജനകീയക്കൂട്ടായ്മയിൽ നിർമിക്കുന്നുണ്ട്. ഇതിനുള്ള ഫണ്ട് സ്വരൂപണം ലക്ഷ്യമാക്കി കൂടിയാണ് 30-ന് ഗൃഹപ്രവേശമായി ‘പൊരേക്കൂടൽ’ സംഘടിപ്പിക്കും. ഒരു നാടിന്റെ ഒത്തുചേരൽ. ഒപ്പം കേരളചരിത്രത്തിൽത്തന്നെ ഒരപൂർവതയും. രാവിലെ 11 മുതൽ വൈകീട്ട് ആറ്ുവരെയുള്ള സമയത്ത് ഇവിടെയെത്തി ഈ സദുദ്യമത്തിൽ ഒപ്പംചേരാമെന്ന് സംഘാടകസമിതി കൺവീനറായ പഞ്ചായത്തംഗം ഷെഫീഖ് കയനോത്ത് പറഞ്ഞു.
ഒരു സ്ക്വയർ ഫീറ്റിന് രണ്ടായിരം രൂപ സംഭാവനയായി നൽകി ആർക്കും നിർമാണത്തിൽ പങ്കുചേരാം. നിർമാണത്തിനും ഒരു വർഷം കുട്ടികളുടെ സംരക്ഷണത്തിനുമായി 2.50 കോടിരൂപയാണ് വേണ്ടത്. നിലവിൽ വയനാട്ടിലാണ് ഭിന്നശേഷി ആൺകുട്ടികൾക്കായി ഇത്തരമൊരു സംവിധാനമുള്ളത്. അവിടെ ഒരു കെട്ടിടത്തിൽ ഒന്നിച്ചാണ് താമസം. അതിനുപകരം വീട്ടിലെന്നപോലെ താമസിക്കുക എന്ന സങ്കല്പമാണ് ‘സ്നേഹക്കൂടി’നുള്ളത്. കുറ്റ്യാടിമേഖലയിലെ എട്ട് പഞ്ചായത്തുകളിലുള്ളവർ പദ്ധതിക്കായി സഹായഹസ്തവുമായി ഒപ്പമുണ്ട്. എൻ.എസ്.എസ്. വൊളന്റിയർമാർ, പള്ളി, അമ്പലക്കമ്മിറ്റികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സഹായവുമുണ്ട്.
