ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനായി സോണിയാ ഗാന്ധി കര്‍ണാടകയിൽ

news image
Oct 3, 2022, 3:35 pm GMT+0000 payyolionline.in

മൈസൂരു: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനായി സോണിയാ ഗാന്ധി കര്‍ണാടകയിലെത്തി. മൈസൂരുവിലെത്തിയ സോണിയാ ഗാന്ധിയെ കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. കുടകിലെ റിസോര്‍ട്ടില്‍ രണ്ട് ദിവസം തങ്ങുന്ന സോണിയ , കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.

വ്യഴാഴ്ച ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധി പങ്കെടുക്കും. വെള്ളിയാഴ്ച പ്രിയങ്ക ഗാന്ധിയും ജോഡോ യാത്രയുടെ ഭാഗമാകും. ഇതിനിടെ രാഹുല്‍ ഗാന്ധി നയിക്കുന്ന പദയാത്ര ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നു. മൈസൂരുവിലെ സുത്തൂര്‍ മഠവും, ആസാം മസ്ജിദും, സെന്‍റ് ഫിലോമിന പള്ളിയും രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശിച്ചു.  നെയ്ത്തുതൊഴിലാളികളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം, ഗാന്ധി ജയന്തി ദിനത്തില്‍ ഖാദി ഗ്രാമമായ ബദനവലു രാഹുല്‍ സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി രാഹുലും സംഘവും സഞ്ചരിക്കും. കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ രാജ്യമാകെ അതിന്റെ അലയൊലി ഉയർത്തനാണ് കോൺ​ഗ്രസ് ശ്രമിച്ചത്. കഴിഞ്ഞ മാസം ഏഴിന് വലിയ പ്രതീക്ഷകളോടെയാണ് കോൺ​ഗ്രസ് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ചത്. പതിനൊന്നിന് യാത്ര കേരളത്തിൽ എത്തിയപ്പോൾ ആവേശം വാനോളമായി. പിആർ വർക്ക്, കണ്ടെയ്നർ യാത്ര, പൊറോട്ട യാത്ര എന്നൊക്കെ എതിരാളികൾ ആക്ഷേപിച്ചപ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe