ബെയ്റൂട്ടിലെ ഇസ്രായേൽ വ്യോമാക്രമണം; ഇറാൻ ക്വാഡ്സ് ഫോഴ്സ് കമാൻഡറെ കാണാനില്ല

news image
Oct 7, 2024, 1:10 pm GMT+0000 payyolionline.in

ടെഹ്റാൻ: ഇറാൻ ക്വാഡ്സ് ഫോഴ്സ് തലവനെ കാണാനില്ലെന്ന് റിപ്പോർട്ട്. ഇസ്മയിൽ ഖാനിയെയാണ് കാണാതായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷമാണ് ഖാനിയെ കാണാതായതെന്ന് ഇറാനിയൻ പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവനായിരുന്ന സയിദ് ഹസൻ നസ്റല്ല കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ ഇസ്മയിൽ ഖാനി ലെബനനിലേയ്ക്ക് പോയിരുന്നു.

2020ൽ അമേരിക്ക ബാഗ്ദാദിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് ഖാനിയെ റെവല്യൂഷണറി ഗാർഡ്സ് കോപ്സിൻ്റെ വിദേശ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ തലവനായി നിയമിച്ചത്. അധികാരമേറ്റതിന് പിന്നാലെ, മിഡിൽ ഈസ്റ്റിൽ നിന്ന് അമേരിക്കൻ സേനയെ പുറത്താക്കുമെന്ന് ഖാനി പ്രതിജ്ഞയെടുത്തിരുന്നു. സുലൈമാനിയുടെ പാത ശക്തമായി പിന്തുരുമെന്നും അമേരിക്കയെ മേഖലയിൽ നിന്ന് നീക്കം ചെയ്യുമെന്നുമായുന്നു ഖാനിയുടെ വാക്കുകൾ.

അതേസമയം, വടക്കുകിഴക്കൻ ഇറാനിലെ മഷാദിലാണ് 67കാരനായ ഖാനി ജനിച്ചത്. 1980-കളിൽ ഇറാൻ-ഇറാഖ് യുദ്ധസമയത്ത് റവല്യൂഷണറി ഗാർഡുകൾക്ക് വേണ്ടി അദ്ദേഹം പോരാടി. സുലൈമാനിയിൽ നിന്ന് വ്യത്യസ്തമായി തൻ്റെ മിക്ക മീറ്റിംഗുകളും അയൽരാജ്യങ്ങളിലേക്കുള്ള സന്ദർശനങ്ങളും സ്വകാര്യമായി നടത്താനായിരുന്നു ഖാനിയ്ക്ക് ഇഷ്ടം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe