ബിബിസി ഡോക്യുമെന്‍ററി പ്രദർശനം; ജാമിയ മിലിയ സർവകലാശാലയിൽ സംഘർഷം

news image
Jan 25, 2023, 12:03 pm GMT+0000 payyolionline.in

ദില്ലി: ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിന് മുന്നോടിയായി വിദ്യാർത്ഥി യൂണിയൻ നേതാക്കളെ കരുതൽ തടങ്കലിലാക്കിയതിനെതിരെ ജാമിയ മിലിയ സർവകലാശാലയ്ക്ക് മുന്നിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. സർവകലാശാലയിലെ എല്ലാ ഗേറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും തമ്മിലെ വാക്കുതർക്കം സംഘര്‍ഷത്തിലേക്ക് നീങ്ങി. പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തു.

വിവാദങ്ങള്‍ക്കിടെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ഇറങ്ങിയെങ്കിലും ഡോക്യുമെന്ററിയെ കുറിച്ച് കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കാണ് ഡോക്യുമെൻററിയുടെ രണ്ടാം ഭാഗം പുറത്തിറക്കിയത്. 2019ൽ മോദി സർക്കാർ രണ്ടാം തവണയും അധികാരത്തിൽ വന്ന ശേഷമുള്ള സംഭവങ്ങളാണ് ഈ ഭാഗത്ത് ചർച്ച ചെയ്യുന്നത്. കശ്മീരിൻ്റെ പ്രത്യേക പദവി നീക്കം ചെയ്തതും, പൗരത്വ ഭേദഗതി പ്രതിഷേധങ്ങളും, ദില്ലിയിലുണ്ടായ കലാപവും, ഇതിൽ പരാമർശിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ സമൂഹ മാധ്യമങ്ങൾ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. കേന്ദ്ര നീക്കത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ ക്യാമ്പസുകളിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിക്കുന്നത് എസ്എഫ്ഐ തുടരുകയാണ്.

ജാമിയ മിലിയ സർവകലാശാലയിൽ ഡോക്യുമെൻ്ററി പ്രദർശനത്തിന് എൻഎസ്യു ഉൾപ്പടെയുള്ള സംഘടനകൾ പിന്തുണയറിയിച്ചിട്ടുണ്ട്. എന്നാൽ പ്രദർശനം നിർത്തിവെക്കാൻ കോളേജ് അധികൃതർ നിർബന്ധിക്കുന്നതായി സംഘാടകർ അറിയിച്ചു. അതേസമയം, ജെഎൻയുവിൽ ഇന്നലെ പ്രദർശനത്തിനിടെ കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകാരണെന്ന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് ഇടത് വിദ്യർത്ഥി സംഘടനകൾ. എന്നാൽ അക്രമം നടത്തിയ ക്യാമ്പസിന് പുറത്ത് നിന്നെത്തിയവരാണെന്നാണ് എബിവിപിയുടെ വാദം. ജാമിയ മിലിയ, ദില്ലി സർവകലാശാലകളിൽ നിന്നെത്തിയവരാണ് കല്ലെറിഞ്ഞതെന്ന് ജെഎൻയു പ്രസിഡണ്ട് രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe