കൊൽക്കത്ത: പശ്ചിമ ബംഗാളില്‍ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ സുകന്ത മംജുംദാര്‍. ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ ഏറ്റുമുട്ടലില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ബി.ജെ.പി. അധ്യക്ഷന്റെ കത്ത്.
അതിനിടെ ബംഗാളില്‍ നടന്ന സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. രണ്ട്, മൂന്ന് ജില്ലകളില്‍ മാത്രമാണ് അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ 7 മണിക്ക് പോളിങ് ആരംഭിച്ചതിന് തൊട്ടു പിന്നാലെ സംഘര്‍ഷമുണ്ടാവുകയായിരുന്നു. സംസ്ഥാനത്തെ വിവിധ ബൂത്തുകള്‍ പ്രവര്‍ത്തകര്‍ കയ്യേറി അടിച്ച് തകര്‍ക്കുന്ന സ്ഥിതിയുണ്ടായി. പലയിടങ്ങളിലും ബാലറ്റ് പേപ്പറുകള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലറ്റ് പെട്ടികളില്‍ ബി.ജെ.പി വെള്ളം ഒഴിച്ചു നശിപ്പിച്ചതായും തൃണമൂല്‍ ആരോപിച്ചു. മൂര്‍ഷിദാബാദില്‍ അഞ്ച് തൃണമൂല്‍ പ്രവര്‍ത്തകരും നോര്‍ത്ത് 24 പാരഗ്നാസില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റും കൂച്ച്‌ബെഹാറില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ ബൂത്ത് ഏജന്റും കൊല്ലപ്പെട്ടു.സ്ഥാനാര്‍ഥിയ്ക്കും ഏജന്റിനും നേരെ ബോംബാക്രമണമുണ്ടാവുകയായിരുന്നു.
സംഘര്‍ഷത്തില്‍ പരസ്പരം പഴിചാരി ഇരു പാര്‍ട്ടികളും രംഗത്തെത്തിയതോടെ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള പോര് കനത്തു. കോണ്‍ഗ്രസും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ സഖ്യം തങ്ങളുടെ നേതാക്കളെ കൂട്ടത്തോടെ ആക്രമിക്കുകയാണെന്നും ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും സി.പി.എമ്മിനേയും പ്രീതിപ്പെടുത്തുന്നതില്‍ മാത്രമാണ് കേന്ദ്രസേനയ്ക്ക് താത്പര്യമെന്നും തൃണമൂല്‍ കുറ്റപ്പെടുത്തി. കേന്ദ്രസേനയല്ല ജനങ്ങളാണ് വോട്ട് നല്‍കേണ്ടതെന്ന വസ്തുത മറന്നു പോവരുതെന്നും തൃണമൂല്‍ വ്യക്തമാക്കി.
അതിനിടെ പോളിങ് ബൂത്ത് സന്ദര്‍ശനത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ സി.പി.എം. പ്രവര്‍ത്തകര്‍ അക്രമത്തെ കുറിച്ചുള്ള ആശങ്ക ഗവര്‍ണറോട് പങ്കു വെയ്ക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് ബാലറ്റിലൂടെ നടത്തണമെന്നും ബുള്ളറ്റിലൂടെയല്ലായെന്നും സംഘര്‍ഷത്തില്‍ പ്രതികരിച്ച് ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് വ്യക്തമാക്കി. ജൂണ്‍ എട്ടിന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ വ്യാപക അക്രമങ്ങളാണ് ബംഗാളില്‍ അരങ്ങേറിയത്. ഒരു മാസത്തിനിടെവിവിധ പ്രദേശങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്.