ബംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് ഇനി 75 മിനിറ്റ് മാത്രം, അതിവേഗപാത രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

news image
Mar 12, 2023, 11:01 am GMT+0000 payyolionline.in

ബംഗളൂരു: മൈസൂരു -ബെംഗളുരു എക്സ്പ്രസ് വേ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി രണ്ടു കിലോമീറ്റർ ദൂരത്തിൽ  പ്രധാനമന്ത്രിയുടെ റോഡ് ഷോയും നടന്നു. മാണ്ഡ്യയിൽ വികസനം കൊണ്ടുവരാൻ ബിജെപിയുടെ ഡബിൾ എന്‍ജിൻ സർക്കാരിന് മാത്രമേ കഴിയൂ എന്ന് പാത ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ പത്ത് വരിപ്പാത യാഥാർഥ്യമായതോടെ നേരത്തേ മൂന്ന് മണിക്കൂറോളം സമയമെടുത്തിരുന്ന ബെംഗളുരു- മൈസുരു യാത്രാ സമയം 75 മിനിറ്റായി കുറയും. ഇത് വടക്കൻ കേരളത്തിലേക്ക് പോകുന്ന ബെംഗളുരു മലയാളികൾക്ക് വലിയ സഹായമാണ്. വികസനത്തിന് വേണ്ടിയുള്ള പണം കോൺഗ്രസ് അഴിമതിയിലൂടെ തട്ടിയെടുക്കുകയായിരുന്നെന്ന് മോദി കുറ്റപ്പെടുത്തി. ജെഡിഎസ് പ്രദേശത്തിന്‍റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. പാവപ്പെട്ടവന്‍റെ ബുദ്ധിമുട്ട് ഒരിക്കലും കോൺഗ്രസിന് മനസ്സിലാകില്ല. എന്‍റെ ഖബർ കുഴിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം. എന്‍റെ ശ്രമം വികസനത്തിന്. മോശം വാക്കുകളുപയോഗിക്കുന്ന കോൺഗ്രസ് ആ പണി തുടരട്ടെ. എനിക്ക് രാജ്യത്തിന്‍റെ മൊത്തം അനുഗ്രഹമുണ്ടെന്നും മോദി പറഞ്ഞു.

117 കിലോമീറ്റർ ദൈർഘ്യമുള്ള പാത 8480 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്. മെയിൻ റോഡ് ആറ് വരിപ്പാതയാണ്. സർവീസ് റോഡ് നാല് വരിപ്പാതയും. തെരെഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ രണ്ട് മാസത്തിനിടെ ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നത്. ജെഡിഎസ് ശക്തികേന്ദ്രമായ മാണ്ഡ്യയിൽ എക്സ്പ്രസ് വേ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മൈസൂരു – കുശാൽ നഗർ നാലുവരിപാതയുടെ നിർമ്മാണവും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം  ഹുബ്ബള്ളി ധാർവാഡിലെത്തുന്ന പ്രധാനമന്ത്രി ധാർവാഡ് ഐഐടിയുടെ പുതിയ മന്ദിരം രാജ്യത്തിന് സമർപ്പിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe