പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം ഉയർത്തും; 36 ദിവസത്തെ സമരം വൻ വിജയം

news image
May 9, 2023, 1:30 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും സമരം ഒത്തുതീർപ്പായി. ഓണറേറിയം കൂട്ടിനൽകുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും ശമ്പള പെൻഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്നത് പ്രത്യേകം പഠിക്കാനും ചർച്ചയിൽ തീരുമാനമായി. സംസ്ഥാനത്ത് 2891 പ്രീ പ്രൈമറി അധ്യാപകരും 1965 ആയമാരുമാണുള്ളത്. 12,500 രൂപയാണ് അധ്യാപകർക്ക് ഇപ്പോൾ കിട്ടുന്ന ഓണറേറിയം.

സെക്രട്ടറിയേറ്റിന് മുന്നിൽ 36 ദിവസം നീണ്ടു നിന്ന രാപ്പകൽ സമരത്തിന് ഒടുവിലാണ് പ്രീ പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും ആവശ്യങ്ങളിൽ തീരുമാനമായത്. ആൾ കേരള പ്രീ പ്രൈമറി ടീച്ചേർസ് ആൻഡ് ആയാസ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു സമരം. ശമ്പള, പെൻഷൻ വ്യവസ്ഥയിൽ ഉൾപ്പെടുത്തുക, അവധി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.

പലതവണ മന്ത്രിയെ നേരിൽ കണ്ടിരുന്നെങ്കിലും ചർച്ചയ്ക്ക് ക്ഷണിച്ചത് ആദ്യമായിട്ടായിരുന്നു. ജൂൺ മുതൽ ഓണറേറിയം കൂട്ടിനൽകുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടന അറിയിച്ചു. ശമ്പളവും പെൻഷനും നൽകുന്നതിലും, അധ്യാപകരുടെ പ്രായ പരിധി നിശ്ചയിക്കുന്നതിലും അവധി വ്യവസ്ഥകളിലും വിശദ പഠനം നടത്തുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. പ്രീ പ്രൈമറി അധ്യാപകരെയും ആയമാരെയും മറ്റ് ജോലികൾക്ക് നിയോഗിക്കുന്നത് തടയുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി സംഘടന അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe