പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎയും ഇഡിയും; 11 സംസ്ഥാനങ്ങളില്‍ റെയ്ഡ്, 45 പേര്‍ അറസ്റ്റില്‍

news image
Sep 22, 2022, 1:48 pm GMT+0000 payyolionline.in

ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കവുമായി എൻഐഎയും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും. എൻഐഎ രൂപീകരിച്ച ശേഷമുള്ള ഏറ്റവും വലിയ ഓപ്പറേഷനിൽ 150ലധികം പേരെ 11 സംസ്ഥാനങ്ങളിലായി കസ്റ്റഡിയിലെടുത്തു. 45 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാജ്യത്തിനെതിരായ നീക്കം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദി്ല്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റെയ്ഡ്. രണ്ടു കേസുകളിലായി  19 പേർ കേരളത്തിൽ മാത്രം അറസ്റ്റിലായി.

തമിഴ്നാട്ടില്‍ 11 പേരും കർണാടകയില്‍ ഏഴ് പേരും ആന്ധ്രയില്‍ നാല് പേരും രാജസ്ഥാനില്‍ രണ്ട് പേരും അറസ്റ്റിലായി. കേരളത്തിലാണ് കൂടുതല്‍ അറസ്റ്റ്. കേരളത്തില്‍ അറസ്റ്റിലായ ചിലരെ ദില്ലിയിൽ എത്തിച്ചു. ഒഎംഎ സലാം ഉൾപ്പടെയുള്ളവരെ ദില്ലി കോടതിയിൽ ഹാജരാക്കി. ഒഎംഎ സലാം, ജസീർ കെപി, നസറുദ്ദീൻ എളമരം,  മുഹമ്മദ് ബഷീർ,  ഷഫീർ കെപി, പി അബൂബക്കർ, പി കോയ,  ഇ എം അബ്ദുൾ റഹ്മാൻ തുടങ്ങി 14 പേരെ ദില്ലിയിലേക്ക് കൊണ്ടുപോയി. രണ്ടുപേരെ കൊച്ചി വഴിയും 12 പേരെ കരിപ്പൂര്‍ വഴിയുമാണ് കൊണ്ടുപോയത്.

പുലർച്ചെ ഒരു മണിക്കാണ് രഹസ്യ ഓപ്പറേഷൻ എൻഐഎ തുടങ്ങിയത്.  കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എൻഐഎ, ഇഡി ഉദ്യോഗസ്ഥർ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാൻ പലയിടത്തായി ആറു കൺട്രോൾ റൂമുകൾ തയ്യാറാക്കിയിരുന്നു. 1500ലധികം ഉദ്യോഗസ്ഥർ റെയ്ഡുകളിൽ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഓപ്പറേഷൻ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന. ദില്ലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷൻ. തെക്കേ ഇന്ത്യയ്ക്കും ദില്ലിക്കും മഹാരാഷ്ട്രയ്ക്കും പുറമെ അസമിലും ബീഹാറിലും യുപിയിലും ബംഗാളിലുമൊക്കെ റെയ്ഡ് നടന്നു. പലയിടത്തും പിഎഫ്ഐ ഓഫീസുകൾ സീൽ ചെയ്തു. ഭീകരവാദത്തിന് പണം വന്നതിനും പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയതിനും നിരോധിച്ച സംഘടനകളിൽ ആളെ ചേർക്കുന്നതിനും രജിസ്റ്റർ ചെയ്ത കേസിലായിരുന്നു നീക്കം.

വിദേശത്തു നിന്നുള്ള ഫണ്ടിംഗിന്‍റെ സൂചനകൾ കിട്ടിയതായാണ് വിശദീകരണം.  രാജസ്ഥാനിൽ എസ്ഡിപിഐ നേതാക്കളും അറസ്റ്റിലായി. നൂറിലധികം ഫോണുകളും ലാപ്ടോപുകളും പിടിച്ചെടുത്തു. ചിലരുടെ വീട്ടിൽ നിന്ന് പണം പിടിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു.  ആന്ധ്രയിലെയും തെലങ്കാനയിലെയും പിഎഫ്ഐ നേതാക്കൾക്കെതിരായ കേസും അടുത്തിടെ എൻഐഎ ഏറ്റെടുത്തിരുന്നു. തെലങ്കാനയിലെ 40 കേന്ദ്രങ്ങളിൽ എൻഐ കഴിഞ്ഞയാഴ്ച റെയ്ഡു നടത്തി. അതിനു പിന്നാലെയാണ് ദേശീയ നേതാക്കളെ തന്നെ അറസറ്റു ചെയ്തുകൊണ്ടുള്ള ഇന്നത്തെ നീക്കം. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് പിഎഫ്ഐ പ്രതികരിച്ചു. തുടർനീക്കങ്ങൾ വരും ദിവസങ്ങളിലുമുണ്ടാകുമെന്നാണ് എൻഐഎ നല്കുന്ന സൂചന. റെയ്ഡിനും അറസ്റ്റിനുമെതിരെ പിഎഫ്ഐ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe