കൊയിലാണ്ടി: നവരാത്രി മഹോത്സവത്തിനെത്തിയ ആന ക്ഷേത്ര മുറ്റത്തേക്ക് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി. പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രത്തിലെ നവരാത്രി എഴുന്നള്ളിപ്പിനായി കൊണ്ടുവരുകയായിരുന്ന ചിറക്കൽ പരമേശ്വരൻ ആനയാണ് വിരണ്ടത്. വൈകീട്ട് 5.30 ഓടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി കൊണ്ടുവരവെ ആന അതിവേഗം ക്ഷേത്ര മുറ്റത്തേക്ക് ഓടുകയായിരുന്നു. ഈ സമയം ക്ഷേത്രത്തിൽ കേളിക്കൈ നടക്കുകയായിരുന്നു.
ആന ഓടിവരുന്നതുകണ്ട മേളക്കാർ ചിതറി ഓടി സുരക്ഷിത സ്ഥാനത്തേക്ക് മാറി. ഉടനെ ആനയെ ക്ഷേത്രത്തിലെ തൂണിൽ തളക്കുകയായിരുന്നു. മഴ ആയതിനാൽ കുറച്ച് ആളുകളാണ് ക്ഷേത്രമുറ്റത്ത് ഉണ്ടായിരുന്നത്. . അതിനാൽ വലിയ അപകടം വഴിമാറുകയായിരുന്നു. അതേ സമയത്ത് ബൈക്കിൽ സഞ്ചരിച്ച ദമ്പതികൾക്ക് ബൈക്ക് മറിഞ്ഞ് ചെറിയ പരിക്കേറ്റു. വിരണ്ട ആനയെ മാറ്റി പുതിയ ആനയെ എഴുനള്ളിപ്പിന് കൊണ്ടുവരുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.