പേരാമ്പ്ര: മോഷണം നടത്തിയ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ പോലീസ് വാഹനത്തിൽ നിന്നിറങ്ങാൻ വിസമ്മതിച്ച് പ്രതിയുടെ നാടകം. പേരാമ്പ്രയിൽ മോഷണക്കേസ് പ്രതി രാഹുൽ രാജാണ് അന്വേഷണത്തോട് സഹകരിക്കാതെ ജീപ്പിൽ തന്നെയിരുന്നത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ തൂക്കിയെടുത്താണ് വീട്ടിനുള്ളിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കഴിഞ്ഞ ഓഗസ്റ്റ് 10-നായിരുന്നു കേസിനാസ്പദമായ സംഭവം. പേരാമ്പ്രയിലെ അടഞ്ഞുകിടന്ന വീടിന്റെ അലമാരകൾ കുത്തിത്തുറന്ന് രാഹുൽ രാജും സംഘവും മോഷണം നടത്തുകയായിരുന്നു. കേസിൽ രാഹുലിന്റെ കൂട്ടാളിയായ മുസ്തഫയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പന്തീരാങ്കാവ് പോലീസാണ് പ്രതിയുമായി പേരാമ്പ്രയിലെ വീട്ടിൽ തെളിവെടുപ്പിനെത്തിയത്. എന്നാൽ വാഹനത്തിൽ നിന്നിറങ്ങാൻ ഇയാൾ കൂട്ടാക്കാതിരുന്നതോടെയാണ് പോലീസിനും നാട്ടുകാർക്കും ബലം പ്രയോഗിക്കേണ്ടി വന്നത്. പ്രതിയെ ബലമായി വീട്ടിനുള്ളിലെത്തിച്ച് പോലീസ് നിർണായക തെളിവുകൾ ശേഖരിച്ചു.
