കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങിന് പ്രൗഡമായ തുടക്കം. മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ സ്നേഹത്തിന്റേയും ഒരുമയുടേയും മുത്തുകൾ കൊണ്ട് കോർത്ത മാല ഒരിക്കലും പൊട്ടിപ്പോകില്ലെന്ന സന്ദേശം പകർന്ന് മാന്ത്രിക വിദ്യയിലൂടെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ആവണിപ്പൂവരങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കൺവീനർ ജനറൽ ശിവദാസ് കാരോളിയാണ് സുവർണ്ണ ജൂബിലി ആമുഖ ഭാഷണം നടത്തിയത്. സ്വാഗത സംഘം ചെയർമാൻ കെ.ടി. ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ സി .ശ്യാംസുന്ദർ സ്വാഗതവും കലാലയം ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ നന്ദിയും പറഞ്ഞു.
യു.കെ.രാഘവൻ, ശിവദാസ് ചേമഞ്ചേരി, ശ്രീനിവാസൻ പള്ളിക്കര എന്നിവർ സന്നിഹിതരായി. തുടർന്ന് കലാലയം വിദ്യാർത്ഥികളും അതിഥി താരങ്ങളും അവതരിപ്പിച്ച ഗാനമേള, കലാലയം പ്രവർത്തകർ അവതരിപ്പിച്ച പുതുപ്പണം കോട്ട എന്ന നാടകവും അരങ്ങേറി. സപ്തംബർ 1 ന് തുറമുഖ – മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ സുവർണ്ണജൂബിലി ഉദ്ഘാടനം നിർവ്വഹിക്കും. സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ കലോത്സവം ഉദ്ഘാടനം ചെയ്യും. കെ.മുരളീധരൻ എം.പി., കാനത്തിൽ ജമീല എം.എൽ.എ. എന്നിവർ പങ്കെടുക്കും. 1, 2 തിയ്യതികളിലായി കലാപരിപാടികൾ തുടരും.