പി.എസ്.സി. പരീക്ഷാ തട്ടിപ്പ്: ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ

news image
Oct 31, 2026, 4:29 am GMT+0000 payyolionline.in

തിരുവനന്തപുരം : സംസ്ഥാനത്തെ പി.എസ്.സി. പരീക്ഷാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന അഡീഷണൽ സെക്രട്ടറി ആർ. ഹരി ക്രൈം ബ്രാഞ്ചിന്റെ പിടിയിലായി. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തുള്ള ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രമക്കേട് നടന്നതായി കണ്ടെത്തിയ ആസൂത്രണ ബോർഡ് പരീക്ഷയുടെ പ്രധാന മൂല്യനിർണ്ണയ ചുമതല ഹരിക്കായിരുന്നു.

​പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ ഹരിയെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ഹരിക്കൊപ്പം മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പി.എസ്.സി. ചെയർമാൻ എം.ആർ. ബൈജുവിന്റെ വിശ്വസ്തനായ ഹരിയും ചെയർമാനും ചേർന്നാണ് മറ്റുള്ളവരുമായി കൂടിയാലോചനകൾ നടത്താതെ സുപ്രധാന തീരുമാനങ്ങളെല്ലാം എടുത്തിരുന്നതെന്ന് കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്.

​കേസുമായി ബന്ധപ്പെട്ട് പി.എസ്.സി. സെക്രട്ടറി സാജു ജോർജിനെ അന്വേഷണസംഘം  ചോദ്യം ചെയ്യും.  ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് അദ്ദേഹത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. കൂടാതെ, പരീക്ഷാ കൺട്രോളർ ബിനി കെ. ഏബ്രഹാമിനോട് തിങ്കളാഴ്ച ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. വരുന്ന തിങ്കളാഴ്ച മുതൽ പത്ത് പി.എസ്.സി. അംഗങ്ങളിൽനിന്നും മൊഴിയെടുക്കുന്നതിനായി നോട്ടീസ് അയച്ചിട്ടുണ്ട്.

​അതിനിടെ കേസിന്റെ അന്വേഷണ സംഘത്തെ വിപുലീകരിക്കാനും തീരുമാനമായി. പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ട് എസ്.പി.മാരെയും ഒരു ഡി.വൈ.എസ്.പി.യെയും പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പുതുതായി മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. പുതിയ കേസുകളുടെ ചുമതല പുതുതായി ചുമതലയേറ്റ ഉദ്യോഗസ്ഥർക്ക് കൈമാറി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe