തിരുവനന്തപുരം: കെ സുധാകരന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്. കെ സുധാകരനെ ജയിലിൽ അടക്കണം എന്നാണ് മുഖ്യമന്ത്രിയുടെ ആഗ്രഹമെന്ന് എം എം ഹസ്സൻ വിമര്‍ശിച്ചു. അഴിമതിയുടെ രാജാവാണ് പിണറായി വിജയൻ. സർക്കാരിന്റെ പ്രതിഛായ തകർന്നുവെന്നും ഹസ്സൻ കുറ്റപ്പെടുത്തി. കെപിസിസി പ്രസിഡന്‍റിനെതിരായ കേസിൽ അതിവേഗത്തിൽ നടപടികളാണ് പൊലീസ് സ്വീകരിച്ചത്. സുധാകരനെതിരെയുള്ളത് കള്ളകേസാണ്. ഇത് രാഷ്ട്രീയ പകപോക്കലാണ്. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എം എം ഹസ്സൻ പ്രതികരിച്ചു.
കെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് കരിദിനം ആചരിച്ചു. കാഞ്ഞങ്ങാട് സംസ്ഥാന പാത ഉപരോധിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മഹിളാ കോൺകോൺഗ്രസ് പ്രവർത്തകയെ പൊലീസ് വലിച്ചിഴച്ചു. റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചതിനെ തുടർന്ന് മുക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പത്തനംതിട്ടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിസിസി അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി.
തിരുവല്ലയിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് മുന്നിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായി. കെ സുധാകരന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മലപ്പുറത്തും കുന്നുമ്മലിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. കണ്ണൂരിൽ കാൾടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.