കോഴിക്കോട്: പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം കേന്ദ്രസർക്കാർ മതപരമായ ചടങ്ങ് പോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. മതനിരപേക്ഷത ആണ് അംഗീകരിച്ചിരിക്കുന്നത്. പാർലമെന്റിന്റെ ഉദ്ഘാടനം എന്ന നിലയിൽ കാട്ടിയ കാര്യം പൊതു വേദിയിൽ സർക്കാർ ഭാഗത്തു നിന്നും ഉണ്ടാകേണ്ട കാര്യമല്ല. മതപരമായ കാര്യം നിർവഹിക്കുന്നത് പോലെയുള്ള കാര്യങ്ങളാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യം പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ജനാധിപത്യം പുലരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജനാധിപത്യത്തിന് പല രീതിയിൽ ഭീഷണി ഉയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്ര സർക്കാരിൽ നിന്നും തന്നെ ഭീഷണി ഉയരുന്നു. ജനാധിപത്യ രാഷ്ട്രമായി രാജ്യം തുടരുന്നതിനോട് യോജിപ്പ് ഉള്ളവരല്ല ആര് എസ് എസ്. ആര് എസ് എസ് ജനാധിപത്യ രീതിയല്ല അംഗീകരിച്ചിട്ടുള്ളത്. ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമായ പലതും ആട്ടിമറിക്കാൻ നീക്കം നടക്കുന്നു. ജനാധിപത്യ വ്യവസ്ഥയുടെ പ്രത്യേകത ലേജിസ്ലേച്ചറും ജുഡീഷ്യറിയും എക്സിക്യൂട്ടീവ്യും സ്വാതന്ത്ര്യമായി നിലനിൽക്കുന്നു എന്നതാണ്. എല്ലാം തങ്ങളുടെ കാൽകീഴിൽ ആകണം എന്ന നിർബന്ധം ആണ് കേന്ദ്രം കാണിച്ചു കൊണ്ടിരിക്കുന്നത്. ജുഡീഷ്യറിയെ കാൽകീഴിലാക്കാൻ ശ്രമം നടക്കുന്നു. പാർലമെന്റിനു തന്നെ യഥാർത്ഥ നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർലമെന്റിനു ബിജെപി തന്നെ തടസം സൃഷ്ടിക്കുന്നു. പാർലമെന്റിലെ നടപടി ക്രമങ്ങൾ പാലിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. മനുഷ്യത്വവും രാക്ഷസീയതയും ഏറ്റുമുട്ടുന്നിടത്ത് നിക്ഷ്പക്ഷത ഉണ്ടായിക്കൂടാ. മതാധിഷ്ഠിത രാജ്യമാക്കാനുള്ള നീക്കമാണ് ആര് എസ് എസ് നിർദേശ പ്രകാരം കേന്ദ്രം നടത്തുന്നത്. സംസ്ഥാനങ്ങളെ സംതൃപ്തമാക്കാൻ ഉതകുന്ന തരത്തിലുള്ള പ്രവർത്തനം കേന്ദ്രത്തിൽ നിന്നും ഉണ്ടാകണം. അധികാരം കൂടുതലും കേന്ദ്രത്തിലേക്ക് കേന്ദ്രീകരിക്കുകയാണ്. അധികാരങ്ങൾ കേന്ദ്രം കവരുന്നു. കേന്ദ്രവും സംസ്ഥാനവും കൈകാര്യം ചെയ്യുന്ന പൊതു വിഷയങ്ങളിൽ കേന്ദ്രം ഒറ്റയ്ക്ക് നിലപാടുകൾ സ്വീകരിക്കുന്നു. ഒരുപാട് കരാറുകൾ കേന്ദ്രം ഒപ്പുവെച്ചത് സംസ്ഥാനവുമായി ആലോചന നടത്താതെയാണ്. കൈക്കൊള്ളുന്ന തീരുമാനങ്ങൾ കൊണ്ട് സംസ്ഥാങ്ങൾക്ക് എന്ത് സംഭവിക്കും എന്ന് ആലോചിക്കണം.
പ്രളയം ഉണ്ടായിട്ടും കേരളം തിരിച്ചു വന്നു. ഖജനാവിന് വലിയ ശേഷി ഉള്ള സംസ്ഥാനമല്ല കേരളം. ആവശ്യമായ രീതിയിൽ നമുക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല കേരളത്തെ സഹായിക്കാൻ രാജ്യങ്ങൾ മുന്നോട്ടു വന്നപ്പോൾ അത് വേണ്ടെന്ന നിലപാട് ആണ് കേന്ദ്രം സ്വീകരിച്ചത്. ദുരന്തങ്ങൾ ഉണ്ടായ മറ്റിടങ്ങളിൽ സഹായം സ്വീകരിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്യം വന്നപ്പോൾ സഹായം സ്വീകരിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. സഹായം നിരാകരിച്ച കേന്ദ്രം തന്ന അരിക്ക് പോലും വില ചോദിക്കുകയാണ് ചെയ്തത്. നിഷേധ സമീപനം കേന്ദ്രം സ്വീകരിക്കുന്നു. കിഫ്ബിയിലൂടെ ലഭിക്കുന്ന പണം കടമെടുക്കാവുന്ന പരിധിയിലാക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ എല്ലാവരോടും കേന്ദ്രത്തിന് ഒരേ നിലപാടല്ല. എങ്ങനെ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാം എന്നാണ് കേന്ദ്രം നോക്കുന്നത്. ഇതാണോ കേന്ദ്ര- സംസ്ഥാന ബന്ധം. ഒരിഞ്ച് കേരളം മുന്നോട്ട് പോകരുത് എന്നാണ് കേന്ദ്രത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.