പാലാ> വൈദ്യുതി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മധ്യവയസ്കൻ ഷോക്കേറ്റ് മരിച്ചു. പയപ്പാർ തകരപ്പറമ്പിൽ സുനിൽകുമാറാണ് (50) മരിച്ചത്. ചൊവ്വ രാത്രി 12ന് പയപ്പാർ -അന്ത്യാളം റോഡിന് സമീപത്തെ തോട്ടിലാണ് സംഭവം. സുനിലും ബന്ധുവും രണ്ട് സുഹൃത്തുക്കളും ചേർന്നാണ് തോട്ടിൽ മീൻ പിടിക്കാനെത്തിയത്. വാഹനത്തിന്റെ ബാറ്ററി ഉപയോഗിച്ച് ഷോക്കടിപ്പിച്ച് മീൻ പിടിക്കുന്നതിനിടെ സുനിലിന് ഷോക്കേൽക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിൽ. ജലാശയങ്ങളിൽ വൈദ്യുതി ഉപയോഗിച്ച് മത്സ്യം പിടിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. പാലാ പൊലീസ് നടപടി സ്വീകരിച്ചു.