പാക് ഭീഷണിക്ക് പുറമെ നികുതി പ്രശ്‌നങ്ങളും; ഇന്ത്യയുടെ ഏകദിന ലോകകപ്പ് വേദി പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്

news image
Dec 17, 2022, 6:23 am GMT+0000 payyolionline.in

മുംബൈ: അടുത്ത വര്‍ഷത്തെ(2023) ഏകദിന ലോകകപ്പ് വേദി സംബന്ധിച്ച് ബിസിസിഐ അങ്കലാപ്പില്‍. പാകിസ്ഥാന്‍റെ ബഹിഷ്‌കരണ ഭീഷണികള്‍ക്കിടെ ഇന്ത്യന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് നികുതി ഇളവ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ ലോകകപ്പിന് മുമ്പ് ബിസിസിഐക്ക് പരിഹരിക്കേണ്ടതുണ്ട്. ടാക്‌സ് പ്രശ്‌നം പരിഹരിക്കേണ്ടത് ബിസിസിഐയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ഐസിസി വ്യക്തമാക്കിക്കഴിഞ്ഞു. ഇതിന് ബിസിസിഐക്ക് കഴിയാതെ വന്നാല്‍ ബോര്‍ഡിന് 900 കോടിയുടെ നഷ്‌ടമുണ്ടാവുകയും ലോകകപ്പ് വേദി ഇന്ത്യക്ക് പുറത്തേക്ക് മാറ്റേണ്ടിവരുമെന്നും ഇന്‍സൈഡ് സ്പോര്‍ട്‌ റിപ്പോര്‍ട്ട് ചെയ്യുന്നു..

2016ല്‍ ട്വന്‍റി 20 ലോകകപ്പ് നടക്കുമ്പോള്‍ നികുതി പ്രശ്‌നം പരിഹരിക്കാന്‍ ബിസിസിഐക്ക് സാധിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് ബിസിസിഐയുടെ വാര്‍ഷിക വിഹിതത്തില്‍ നിന്ന് 190 കോടി ഐസിസി ഈടാക്കിയിരുന്നു. സമാന രീതിയിലേക്കാണ് ഏകദിന ലോകകപ്പിന്‍റെ സാഹചര്യവും നിങ്ങുന്നത്. ഇത്തവണ ഐസിസി ടാക്‌സ് ബില്‍ 21.84 ശതമായി(900 കോടി രൂപ) ഉയര്‍ത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പിന് ടാക്‌സ് ഇളവ് കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാരുമായി ധാരണയിലെത്താന്‍ ബിസിസിഐക്ക് കഴിഞ്ഞില്ലെങ്കില്‍ 900 കോടിയുടെ നഷ്‌ടമാണ് ബോര്‍ഡിനുണ്ടാവുക. ‘പണം ബിസിസിഐയുടേതാണ്. ലോകകപ്പിന് മുമ്പ് നികുതി പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെങ്കില്‍ ബിസിസിഐക്കുള്ള വിഹിതത്തില്‍ നിന്ന് ഇത് ഈടാക്കുകയല്ലാതെ ഐസിസിക്ക് മറ്റ് വഴിയില്ല, കാര്യങ്ങള്‍ നിയമ പോരാട്ടത്തിലേക്ക് നീങ്ങും’ എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു. ഇങ്ങനെ നികുതി കുരുക്ക് വന്നാല്‍ വേദി മാറ്റുക ആകും ബിസിസിഐക്ക് മുന്നിലുള്ള വഴിയും. കാരണം വാര്‍ഷിക വിഹിതത്തില്‍ നിന്ന് ഐസിസി ഈടാക്കുക 900 കോടി രൂപയാണ്.

 

ഐസിസി നിയമങ്ങള്‍ അനുസരിച്ച് ആതിഥേയ രാജ്യമാണ് അതത് സര്‍ക്കാരുകളില്‍ നിന്ന് നികുതി ഇളവുകള്‍ കണ്ടെത്തേണ്ടത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഇതുവരെ ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം മുമ്പ് ബിസിസിഐക്കുള്ള വരുമാന വിഹിതത്തിൽ നിന്ന് തുക കുറച്ചതിനെതിരെ ഐസിസി ട്രൈബ്യൂണലിൽ അപ്പീൽ നൽകിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. നികുതി പ്രശ്‌നത്തിനൊപ്പം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ബഹിഷ്‌കരണ ഭീഷണിയും അടുത്ത വര്‍ഷം ഇന്ത്യ വേദിയാവേണ്ട ഏകദിന ലോകകപ്പിനുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe