പയ്യോളി ഹൈസ്കൂളും ശിവക്ഷേത്രവും തമ്മിലുള്ള തർക്കം പരിഹരിക്കാൻ പി ടി ഉഷയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി

news image
Jan 12, 2023, 3:23 pm GMT+0000 payyolionline.in

പയ്യോളി: കായിക കേന്ദ്രമാക്കി പയ്യോളിയെ മാറ്റാനുള്ള ചർച്ചകൾക്ക് തുടക്കമിട്ട് ഡോ.പി.ടി. ഉഷ എം.പി . പെരുമാൾ പുരം ശിവക്ഷേത്രവും പയ്യോളി ഹൈസ്കൂളിലും തമ്മിലുള്ള വർഷങ്ങളായുള്ള തർക്കവുമായി ബന്ധപ്പെട്ട് രാജ്യസഭാംഗം പി.ടി .ഉഷ എം.പി പയ്യോളി സ്വവസതിയിൽ വിളിച്ചുചേർത്ത അനുരഞ്ജന യോഗത്തിലാണ് പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാൽ പയ്യോളി പെരുമാൾപുരം മൈതാനം കേന്ദ്രീകരിച്ച് ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം നിർമ്മിക്കുമെന്ന കാര്യം അറിയിച്ചത്.

വർഷങ്ങളായി തുടരുന്ന ക്ഷേത്രവും വിദ്യാലയം തമ്മിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായിരുന്നു എംപിയുടെ വസതിയിൽ ഇന്നലെ സ്ഥലം എംഎൽഎ കാനത്തിൽ ജമീലയുടെയും , തിക്കോടി പഞ്ചായത്ത് പ്രസിഡന്റിന്റെയും സാന്നിധ്യത്തിൽ ക്ഷേത്രം ഭാരവാഹികളെയും, സ്കൂൾ പ്രതിനിധികളെയും പൊതുപ്രവർത്തകരെയും ചർച്ചക്കായി വിളിച്ചത്.

പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായാൽ അത്യാധുനിക സംവിധാനമുള്ള സൗകര്യങ്ങൾ ലഭ്യമാകുന്ന തരത്തിൽ ആധുനിക സ്റ്റേഡിയം പയ്യോളി പെരു മാൾ പുരം മൈതാനത്ത് ഒരുക്കാനാണ് പി.ടി.ഉഷ എം.പി ലക്ഷ്യമിടുന്നത്. മലബാർ മേഖലയിലെ തന്നെ മികച്ച സ്റ്റേഡിയമായിരിക്കും ഇത് എന്നാണ് നൽകുന്ന സൂചന. സ്ഥലം എംഎൽഎയും ജനപ്രതിനിധികളും വിഷയത്തിൽ പൂർണ്ണ പിന്തുണയും നൽകിയിട്ടുണ്ട്. വർഷങ്ങളായി നീണ്ടുനിൽക്കുന്ന തർക്കം പി.ടി. ഉഷയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ പരിഹാരം കാണുമെന്ന ശുഭ സൂചന നൽകിയാണ് അവസാനിച്ചത്.

 

അടുത്ത ആഴ്ചയിൽ നടക്കുന്ന തുടർ യോഗത്തിൽ വിഷയം പരിഹരിക്കപ്പെടുകയാണെങ്കിൽ എംപിയുടെ കോടികളുടെ വികസന പ്രവർത്തനമാണ് പെരുമാൾപുരം മൈതാനം കേന്ദ്രീകരിച്ച് വരാൻ ഒരുങ്ങുന്നത്. യോഗത്തിൽ ഡോക്ടർ പിടി ഉഷ എം.പി, എംഎൽഎ കാനത്തിൽ ജമീല , തിക്കോടി പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ക്ഷേത്രം ഭാരവാഹികൾ, വിദ്യാലയ പ്രതിനിധികൾ , ജനപ്രതിനിധികൾ , രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe