പയ്യോളിയില്‍ മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവര്‍ പിടിയില്‍; പിടിയിലാവുന്നത് മൂന്ന് മാസത്തിനിടെ രണ്ടാം തവണ

news image
May 22, 2023, 3:53 am GMT+0000 payyolionline.in

പയ്യോളി : മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവർ വടകര കടമേരി പടിഞ്ഞാറെകണ്ടിയിൽ എൻ. രാജീവ് (49) പോലീസ് പിടിയിലായി. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മാക്സി മില്യൻ’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലാവുന്നത്. കഴിഞ്ഞദിവസം വൈകീട്ട് പയ്യോളി ബസ്‌സ്റ്റാൻഡിൽ മറ്റ് ബസ് ജീവനക്കാരുമായി ഉണ്ടായ കലഹത്തെ തുടര്‍ന്നുള്ള പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. ബസും കസ്റ്റഡിയിലെടുത്തു.

 

മൂന്നുമാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് ഇയാൾ കുടുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി 24-ന് ഈ റൂട്ടിൽത്തന്നെ മറ്റൊരു ബസ് ഓടിക്കുമ്പോഴായിരുന്നു പരിശോധനയിൽ പിടിയിലായത്. അന്ന് സ്റ്റേഷൻജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുകയാണെന്നും പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe