പയ്യോളിയില്‍ മണ്ഡലം പ്രസിഡന്‍റായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പോയി; വെട്ടിലായി ബിജെപി നേതൃത്വം

news image
Jan 22, 2025, 11:04 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി മണ്ഡലം പ്രസിഡണ്ടായി പ്രഖ്യാപിച്ചയാള്‍ വിദേശത്തേക്ക് പോയതിനെ തുടര്‍ന്നു ബിജെപി നേതൃത്വം പ്രതിസന്ധിയിലായി. പയ്യോളി നഗരസഭ കോട്ടക്കടപ്പുറം ഡിവിഷനിലെ പി. പ്രജീഷിനെയായിരുന്നു നേതൃത്വം നേരത്തെ പയ്യോളി മണ്ഡലം പ്രസിഡണ്ടായി പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ഫോട്ടോ അടക്കം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയും പത്രങ്ങളില്‍ വാര്‍ത്ത വരുകയും ചെയ്തിരുന്നു. എന്നാല്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഇദ്ദേഹം ജോലി ആവശ്യാര്‍ഥം തൊട്ടടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോയ വിവരമാണ് പിന്നീട് പുറത്ത് വന്നത്.

 

നേരത്തെ മണ്ഡലം പ്രസിഡണ്ടായ എ.കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി മൂന്ന് വര്‍ഷം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് പ്രജീഷിനെ പുതിയ കമ്മറ്റിയുടെ പ്രസിഡണ്ടായി പ്രഖ്യാപിച്ചത്. 45 വയസ്സ് പ്രായപരിധിയും നിലവിലെ ഏതെങ്കിലും മണ്ഡലം കമ്മറ്റിയുടെ ഭാരവാഹിത്വവുമാണ് പുതിയ പ്രസിഡണ്ടായി പരിഗണിക്കുന്നവര്‍ക്ക് പാര്‍ട്ടി നിശ്ചയിച്ച മാനദണ്ഡം. ഇദ്ദേഹം ഒബിസി മോര്‍ച്ചയുടെ മണ്ഡലം പ്രസിഡണ്ടായി പ്രവര്‍ത്തിച്ചത് കൂടി പരിഗണിച്ചാണ് സ്ഥാനം നല്‍കിയത്.

പ്രജീഷ് ഒഴിഞ്ഞടോടെ ഇനിയും  ഈ നിബന്ധന പ്രകാരമുള്ളയാളെ കണ്ടെത്താന്‍ പ്രയാസമാണെന്ന് ബിജെപി പ്രാദേശിക നേതാക്കള്‍ പറയുന്നു. അത് കൊണ്ട് തന്നെ തദ്ദേശ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നിബന്ധനങ്ങളില്‍ ഇളവ് വരുത്തി കഴിവ് പരിഗണിച്ച് എത്രയും പെട്ടെന്ന് മണ്ഡലത്തിന്റെ നാഥനില്ലാത്ത അവസ്ഥ മാറ്റാനാണ് ജില്ല നേതൃത്വം ലക്ഷ്യമിടുന്നത്. രാജ്യസഭാ എം.പി. പിടി. ഉഷയുടെ മണ്ഡലമെന്നതിനാല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലതരത്തിലുള്ള ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നവര്‍ക്ക്  മണ്ഡലം നേതൃത്വം ഇല്ലാത്തത്തിനാല്‍ പ്രയാസപ്പെടുന്ന കാര്യവും നേതാക്കളുടെ പക്കലെത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയെ മൂന്നായി തിരിച്ച് പാര്‍ട്ടി ശക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലാണ് പയ്യോളി മണ്ഡലത്തിന്റെ കാര്യത്തില്‍ നേതൃത്വം പ്രതിസന്ധിയിലായത്. പുതുതായി രൂപീകരിച്ച കോഴിക്കോട് നോര്‍ത്ത് ജില്ലയുടെ ഭാഗമാണ് പയ്യോളി മണ്ഡലം. കോഴിക്കോട് നോര്‍ത്ത് ജില്ല പ്രസിഡന്റിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ലോകസഭ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ പ്രഫുല്‍ കൃഷ്ണനും രാമദാസ് മണലേരിയുടെയും പേരുകളാണ് പ്രസിഡണ്ട് സ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്ന് വന്നിട്ടുള്ളത്. പയ്യോളി ഒഴികെയുള്ള മണ്ഡലങ്ങളില്‍ പുതിയ പ്രസിഡണ്ടുമാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചുമതല ഏറ്റെടുത്തിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe