പയ്യോളിയിലെ തട്ടികൊണ്ട് പോവല്‍ പുലര്‍ച്ചെ മൂന്നിന്; പ്രതികള്‍ക്കായി പയ്യോളി പോലീസ് മണ്ണാര്‍ക്കാട്ടേക്ക്

news image
Sep 17, 2022, 9:28 am GMT+0000 payyolionline.in

 

പയ്യോളി: ദേശീയപാതയില്‍ ഇന്നോവ ഡ്രൈവറെ ആക്രമിച്ച് വാഹനവും യാത്രക്കാരെയും തട്ടികൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങള്‍ പുറത്ത്. പുലര്‍ച്ചെ മൂന്നിന് പയ്യോളി ക്രിസ്ത്യന്‍ പള്ളിക്ക് സമീപമാണ് സംഭവം നടന്നത്. മലപ്പുറത്ത് നിന്ന് കണ്ണൂര്‍ ചെറുപുഴയിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശി ഗഫൂര്‍ എന്നയാളുടെ കെഎല്‍  65 ആര്‍ 6999  ഇന്നോവ വാഹനത്തിന്റെ ഡ്രൈവരായ വിഷ്ണുവാണ്  ആക്രമിക്കപ്പെട്ടത്.

കെഎല്‍ 50 നമ്പരിലുള്ള വെള്ള ഇയോണ്‍ പോലുള്ള കാറിലും ഒരു ബൈക്കിലും എത്തിയ സംഘമാണ് ആക്രമിച്ചതെന്നാണ് ഡ്രൈവര്‍ വിഷ്ണു നല്‍കുന്ന വിവരം. ഇന്നോവ വാഹനത്തിന് കുറുകെ നിര്‍ത്തിയ സംഘത്തിലെ ഒരാള്‍ ഡ്രൈവറുടെ ഭാഗത്തുള്ള ചില്ലുകള്‍ തകര്‍ത്ത ശേഷം ഡ്രൈവര്‍ വിഷ്ണുവിനെ തോക്ക് പോലുള്ള ലോഹം ഉപയോഗിച്ച് തലക്ക് അടിച്ച് പുറത്തേക്ക് വലിച്ചു ഇടുകയായിരുന്നു. തുടര്‍ന്നു ഇന്നോവ വാഹനം  യാത്രക്കാരെ ഉള്‍പ്പെടെ തട്ടികൊണ്ട് പോവുകയും ചെയ്തു. വാഹന ഉടമ ഗഫൂറിനെ കൂടാതെ കോഴിക്കോട്ടെ വ്യാപാരിയായ അശോകന്‍, ഗഫൂറിന്റെ ജോലിക്കാരെന്ന് പരിചയപ്പെടുത്തിയ കൃഷ്ണന്‍, ഷാജി എന്നിങ്ങനെ നാല് പേരാണ് തട്ടികൊണ്ട് പോയ ഇന്നോവയില്‍ ഉണ്ടായിരുന്നത്. ഇന്നോവ വാഹനം പിന്നീട് മുച്ചുകുന്നു കൊയിലോത്തുംപടിയിലെത്തിച്ച് പരിശോധന നടത്തിയ ശേഷം  സംഘം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ പിന്നീട് കൊയിലാണ്ടി സ്റ്റേഷനിലാണ് പരാതിയുമായി എത്തിയത്.

പരിക്കേറ്റ് തലയില്‍ ചോര ഒലിപ്പിച്ച് ദേശീയപാതക്കരികില്‍ നിന്ന വിഷ്ണുവിനെ കണ്ണൂരില്‍ കല്ല് എടുക്കാന്‍ വേണ്ടി പോവുകയായിരുന്ന ലോറി ഡ്രൈവരാണ് പയ്യോളി പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നത്. പിന്നീട് പോലീസ് ഇടപെട്ട് ഇയാള്‍ക്ക് വടകര ജില്ലാ ആശുപത്രിയില്‍ നിന്നു ചികിത്സ ലഭ്യമാക്കുകയായിരുന്നു. നാല് തുന്നലാണ് വിഷ്ണുവിന്റെ തലയിലേറ്റ മുറിവിന് ഇടേണ്ടി വന്നത്.

അതേ സമയം സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച ബ്ലൂ ടൂത്ത് ഉപകരണത്തെ പിന്തുടര്‍ന്ന കൊയിലാണ്ടി പോലീസ് താമരശ്ശേരി പരപ്പന്‍ പൊയിലില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വിഷ്ണുവിനെ അക്രമിച്ച വാഹനം മണ്ണാര്‍ക്കാട് രജിസ്ട്രേഷന്‍ ആണെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പയ്യോളി പോലീസ് മണ്ണാര്‍ക്കാടേക്ക് തിരിച്ചിട്ടുണ്ട്. ഡിവൈഎസ് പി ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe