കണ്ണൂര് : പയ്യന്നൂരിൽ വെളളക്കെട്ടിനെ തുടർന്ന് അടച്ചിട്ട വീട്ടിൽ മോഷണം. മാവിച്ചേരി ബാബുവിന്റെ വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും കവർന്നു. ഇന്നലെ രാത്രിയാണ് സംഭവം. മഴയെത്തുടർന്ന് വീട്ടുവളപ്പിൽ വെളളം കെട്ടിക്കിടക്കുന്നതിനാൽ വാടകവീട്ടിലായിരുന്നു ബാബുവും കുടുംബവും. ഇത് അവസരമാക്കിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. കമ്പിപ്പാര കൊണ്ട് വീട് കുത്തിത്തുറന്നായിരുന്നു മോഷണം. രാവിലെ ഏഴ് മണിക്ക് സ്ഥലത്തെത്തിയപ്പോഴാണ് ബാബു മോഷണ വിവരം അറിയുന്നത്.
പണം സൂക്ഷിച്ച കുടുക്കയും പാത്രങ്ങളും മോഷണം പോയിട്ടുണ്ട്. മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന പാര വീടിന്റെ മുൻഭാഗത്തുനിന്ന് കണ്ടെടുത്തു. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീടും പരിസരവും അറിയാവുന്നയാൾ തന്നെയാണ് മോഷ്ടാവെന്നാണ് പൊലീസിനും വീട്ടുകാര്ക്കുമുളള സംശയം. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.