പത്തു കിലോ തിമിംഗല ഛർദിയുമായി വയനാട്ടിൽ രണ്ടുപേർ അറസ്റ്റിൽ

news image
Mar 2, 2023, 5:13 pm GMT+0000 payyolionline.in

കൽപറ്റ: വയനാട്ടിൽനിന്നു പത്തു കിലോ ആംബർഗ്രിസുമായി (തിമിംഗല ഛർദി) രണ്ടു പേർ അറസ്റ്റിൽ. മീനങ്ങാടി കാര്യമ്പാടിക്ക് സമീപം കൊറ്റിമുണ്ടയിലെ ഹോംസ്റ്റേയുടെ മുന്നിൽനിന്നാണ് പത്തു കിലോ ആംബർഗ്രിസുമായി കാര്യമ്പാടി സ്വദേശി വി.ടി. പ്രജീഷ്, മുട്ടിൽ കൊളവയൽ സ്വദേശി കെ. രെബിൻ എന്നിവരെ വനംവകുപ്പിന്‍റെ ഫ്ലയിങ് സ്ക്വാഡ് പിടികൂടിയത്.

കോഴിക്കോട് വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ലയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ അജിത്ത് കെ. രാമനും കൽപറ്റ, കാസർകോട്, കണ്ണൂർ ഫ്ലയിങ് സ്‌ക്വാഡ് ജീവനക്കാരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കാസർകോട് സ്വദേശികൾക്ക് വിൽപ്പന നടത്താനായി കണ്ണൂരിൽ താമസിക്കുന്ന കർണാടക സ്വദേശിയിൽ നിന്നുമാണ് ഇവർ ആംബർഗ്രിസ് എത്തിച്ചത്.

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തി സംരക്ഷിച്ച് വരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് ആംബർഗ്രിസ്. ഇതിന്‍റെ വിൽപന ഇന്ത്യയിൽ നിരോധിച്ചതാണ്. അന്താരാഷ്ട്ര വിപണിയിൽ വൻ വില ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിന്‍റെ അടിസ്ഥാനത്തിലാണ് ആംബർഗ്രിസ് വിൽപനക്ക് ശ്രമിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

പരിശോധനയിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ എം.പി. സജീവ്, വി. രതീശൻ, കെ. ഷാജീവ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ കെ.വി. ആനന്ദൻ, അരവിന്ദാക്ഷൻ കണ്ടോത്ത്‌പാറ, എ. അനിൽകുമാർ, കെ. ചന്ദ്രൻ, എസ്.എഫ്.ഒമാരായ കെ. ബീരാൻകുട്ടി, ടി. പ്രമോദ്‌കുമാർ, ഒ. സുരേന്ദ്രൻ, ബി.എഫ്.ഒമാരായ പി. ശ്രീധരൻ, എ.ആർ. സിനു, ജസ്റ്റിൻ ഹോൾഡൻ, ഡി. റൊസാരിയോ, കെ.ആർ. മണികണ്ഠൻ, വി.പി. വിഷ്ണു, ശിവജി ശരൺ, ഡ്രൈവർ പി. പ്രദീപ് എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe