നെഞ്ചിലും മുഖത്തും കഴുത്തിലും 6 ബുള്ളറ്റ്; ഇറാൻ പ്രക്ഷോഭത്തിൽ 20കാരി കൊല്ലപ്പെട്ടു

news image
Sep 27, 2022, 7:13 am GMT+0000 payyolionline.in

ടെഹ്റാൻ∙ ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇരുപതുകാരിക്ക് ദാരുണാന്ത്യം. ഹാദിസ് നജാഫി എന്ന വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും മുഖത്തും കയ്യിലും കഴുത്തിലുമായി ആറോളം വെടിയുണ്ടകൾ തുളച്ചു കയറിയെന്നാണ് റിപ്പോർട്ട്. കറാജിയിൽ പ്രതിഷേധക്കാർക്കൊപ്പം അണിചേരാൻ തുടങ്ങുമ്പോഴാണ് ഹാദിസിന് വെടിയേറ്റത്.

 

മുടി പോണിടെയ്ൽ കെട്ടി ഹാദിസ് പ്രതിഷേധത്തിലേക്ക് നടന്നു നീങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മരണത്തിനു തൊട്ടുമുൻപുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. പ്രതിഷേധത്തിൽ പങ്കെടുക്കുമ്പോൾ ഹാദിസ് ഹിജാബ് ധരിച്ചിരുന്നില്ല. എന്നാൽ കയ്യിൽ ആയുധങ്ങളോ പോസ്റ്ററുകളോ ഒന്നും ഉണ്ടായിരുന്നില്ല. യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിയുതിർത്തതെന്നാണ് വിവരം. വെടിയേറ്റയുടനെ ഹാദിസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ടിക്‌ടോക്, ഇൻസ്ററ്ഗ്രാം എന്നീ സമൂഹമാധ്യമങ്ങളിലെ വിഡിയോകളിലൂടെ ശ്രദ്ധേയയായിരുന്നു ഹാദിസ്. ഇവരുടെ സംസ്കാരത്തിന്റെ വിഡിയോ കുടുംബം പുറത്തുവിട്ടു.

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്ത കുര്‍ദ് യുവതി മഹ്‌സ അമിനി (22) കൊല്ലപ്പെട്ടതിനു പിന്നാലെ ഇറാനിൽ ആരംഭിച്ച പ്രക്ഷോഭം 10 ദിവസം പിന്നിടുകയാണ്. ഇതുവരെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ 75 പേർ കൊല്ലപ്പെട്ടെന്നാണ് വലതു ഗ്രൂപ്പുകൾ പറയുന്നത്. ഇതുവരെ 1200 പ്രതിഷേധക്കാർ അറസ്റ്റിലായിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടോളം നീണ്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമയനിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ‘ഏകാധിപതിക്ക് അന്ത്യം’ എന്ന പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങുന്നത്. കുര്‍ദുകള്‍ക്കു ഭൂരിപക്ഷമുള്ള വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണു പ്രക്ഷോഭം ഏറ്റവും രൂക്ഷം. മേഖലയിലെ ഓഷന്‍വീഹ് നഗരം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണെന്നു കുര്‍ദു മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe