പയ്യോളി: നിർമ്മാണത്തിലിരിക്കുന്ന വീടുകളുടെ വയറുകൾ മോഷ്ടിച്ച് സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. പയ്യോളി കാഞ്ഞിരമുള്ള പറമ്പ് മുഹമ്മദ് നിഷാൽ (21) ആണ് പയ്യോളി പോലീസിന്റെ പിടിയിലായത്.
തച്ചന്‍കുന്നിലെ കേളോത്ത് ബിനീഷിന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നും 1,50,000 രൂപയുടെ വയറുകളും സമീപത്തെ പുതിയോട്ടില്‍ ഷെബിന്‍ മൊയ്തീന്‍റെ വീട്ടിലെ 1,25000 രൂപയുടെ വയറുകളുമാണ് ഡിസംബര്‍ 9 നു മോഷണം പോയതായി കണ്ടെത്തിയത്.
ഡിസംബര്‍ 12 നും 18 നും ഇടയില്‍ ഇരിങ്ങല്‍ മലബാര്‍ ഇറ്റാലിയന്‍ മാര്‍ബിള്‍ ഷോപ്പില്‍ നിന്നും 40,000 രൂപ വില വരുന്ന സീലിങ് വയറുകളും മോഷണം പോയിട്ടുണ്ട്. ഇരിങ്ങല്‍ തെക്കേ മണയത്ത് ഷിജിനയുടെ നിര്‍മ്മാണത്തിലുള്ള വീട്ടില്‍ നിന്നു മോഷണം പോയത് 1,50,000 രൂപയുടെ വയറുകളാണ്. ഈ സ്ഥലത്ത് രണ്ട് കത്രികകളും ഒരു റെയിന്‍ കോട്ടും പോലീസിന് ലഭിച്ചിരുന്നു. ഈ മോഷണസ്ഥലത്തിന്റെ സമീപത്ത് നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള സൂചന പോലീസിന് ലഭിക്കുന്നത്.
പയ്യോളി സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷണങ്ങള്‍ നടത്തിയ എന്നാല്‍ ഒരു കേസിലും പെടാത്ത പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി മുഴുവന്‍ കുറ്റങ്ങളും സമ്മതിക്കുകയായിരുന്നു. മോഷണം നടത്തിയ 90 കിലോ വയറുകള്‍ അട്ടകുണ്ടിലെയും തച്ചന്‍കുന്നിലെയും ആക്രിക്കടയില്‍ നിന്നുമായി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.