തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായി സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതലപ്പൊഴിയിൽ കോൺഗ്രസിന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ. സമരം നടത്തുന്ന മത്സ്യത്തൊഴിലാളിളെ തീവ്രവാദികളായി സർക്കാർ മുദ്രകുത്തുകയാണ്. മന്ത്രിമാർ വന്ന് ‘ഷോ കാണിക്കല്ലേ ‘ എന്ന് അധിക്ഷേപിച്ച് മടങ്ങിയെന്നും സതീശൻ പറഞ്ഞു.
മുതലപ്പൊഴി വിഷയത്തിൽ നിയമ സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തും. മത്സ്യത്തൊഴിലാളികളെ ഭാഗ്യത്തിനും നിർഭാഗ്യത്തിനും വിധിക്കും വിട്ടു കൊടുക്കാൻ പ്രതിപക്ഷം തയ്യാറല്ല. ആറ് മാസമായി മുഖ്യമന്ത്രി മൗനത്തിന്റെ മാളത്തിലാണ്. ഉത്തരങ്ങൾ ഇല്ലാത്തതിനാൽ ഇത് സൗകര്യമാണ്. നിയമസഭയിൽ മിത്ത് പരാമർശം കൊണ്ടു വരില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന ഗൗരവതരമായ കാര്യങ്ങളിൽ മറുപടിയില്ല. ആഭ്യന്തര ഭരണത്തിൽ നാണം കെട്ട കാര്യങ്ങളാണ് നടക്കുന്നത്. നിയമസഭയിൽ മുഖ്യമന്ത്രിയെക്കൊണ്ട് ഉത്തരം പറയിപ്പിക്കും. മനുഷ്യാവകാശ കമ്മീഷനായി ജസ്റ്റിസ് മണി കുമാറിന്റെ നിയമനത്തിൽ വിയോജനക്കുറിപ്പ് നൽകിയിട്ടുണ്ട്. കാരണം നോട്ടായി മുഖ്യമന്ത്രിക്ക് നൽകും. അതിന് ശേഷം മാധ്യമങ്ങളെ അറിയിക്കും. വധിക്കാൻ ശ്രമിച്ചു എന്ന തോമസ് കെ തോമസിന്റെ വെളിപ്പെടുത്തൽ ഗുരുതരമായ വിഷയമാണ്.
പാർട്ടി കോടതിയിൽ തീർക്കേണ്ട വിഷയമല്ല അതെന്നും സതീശൻ കൂട്ടിച്ചേർത്തു. നിയമസഭയ്ക്ക് അകത്ത് എന്തു പറയണമെന്ന് സുരേന്ദ്രൻ പഠിപ്പിക്കേണ്ടതില്ലെന്നും നിയമസഭയുടെ ഗേറ്റിന് പുറത്ത് നിൽക്കാനാണ് സുരേന്ദ്രന്റെ പാർട്ടിയോട് ജനങ്ങൾ പറഞ്ഞിരിക്കുന്നതെന്നും സുരേന്ദ്രന് മറുപടിയായി സതീശൻ പറഞ്ഞു.