ശർക്കര ചേർത്ത പരമ്പരാഗത മധുരപലഹാരങ്ങൾ നിങ്ങളുടെ വായിൽ രുചിയുടെ ഒരു പൊട്ടിത്തെറിയുണ്ടാക്കാതിരിക്കില്ല. മാത്രമല്ല ഇതിൽ ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ സുപ്രധാന പോഷകങ്ങളും നിറഞ്ഞിരിക്കുന്നു! അതേസമയം, ശർക്കരയിൽ നമ്മുടെ വൃക്കകളെ തകർത്തുകളയുന്ന മാരകമായ വിഷാംശങ്ങൾ വ്യാപകമാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു.
സ്വാഭാവിക മധുരത്തിൽ രാസവസ്തുക്കൾ ചേരുമ്പോൾ പോഷകങ്ങളുടെ നഷ്ടം സംഭവിക്കും. ഇത്തരമൊരു സന്ദർഭത്തിൽ നിങ്ങൾ കടകളിൽ നിന്ന് വാങ്ങുന്ന ശർക്കരയിൽ മായം ചേർത്തിട്ടുണ്ടോ എന്ന് എങ്ങനെ അറിയാനാവും? ഇതാ വീട്ടിൽ തന്നെ പരീക്ഷിക്കാൻ കഴിയുന്ന ലളിതമായ നാലു പരിശോധനകൾ.
- നിറം ശ്രദ്ധിക്കുക
ശർക്കരയുടെ ഗുണനിലവാരം നിർണയിക്കുന്നതിൽ നിറം ഒരു പ്രധാന മാനദണ്ഡമാണ്. പരമ്പരാഗതമായി നിർമിക്കുന്ന ശർക്കരക്ക് ഇരുണ്ട തവിട്ടു നിറമുള്ള മണ്ണിനോട് സാമ്യമായിരിക്കും. നിങ്ങളുടെ ശർക്കര മഞ്ഞയോ വെള്ളയോ ആയാണ് കാണപ്പെടുന്നതെങ്കിൽ അപ്പോൾ അത് രാസവസ്തുക്കൾ ഉപയോഗിച്ച് മിനുക്കിയിരിക്കാനുള്ള സാധ്യതയുണ്ട്.
ശർക്കരക്ക് തിളക്കമുള്ള മഞ്ഞ നിറം നൽകിക്കൊണ്ട് കാഴ്ചയിൽ കൂടുതൽ ആകർഷകമാക്കാൻ സോഡിയം ഹൈഡ്രോസൾഫൈറ്റ് പോലുള്ള രാസവസ്തുക്കൾ സാധാരണയായി ഉപയോഗിക്കുന്നു.
- പഞ്ചസാര പരലുകൾ
ഉപരിതലം ശ്രദ്ധാപൂർവം നിരീക്ഷിക്കുക. അവിടെ പഞ്ചസാര പോലുള്ള പരലുകൾ നിങ്ങൾ കാണുന്നുണ്ടോ? ഉണ്ടെങ്കിൽ ശർക്കരയിൽ ശുദ്ധീകരിച്ച പഞ്ചസാര ചേർത്തിട്ടുണ്ടാകാനാണ് സാധ്യത. ശുദ്ധീകരിച്ച പഞ്ചസാരയെ (99.5ശതമാനം) അപേക്ഷിച്ച് ശർക്കരയിൽ സുക്രോസിന്റെ അളവ് കുറവായിരിക്കും (60-80ശതമാനം). സുക്രോസിന് പഞ്ചസാരയേക്കാൾ മധുരം കുറവാണ്. അതിനാൽ, ശർക്കരയുടെ മധുരം വർധിപ്പിക്കുന്നതിനായി ശുദ്ധീകരിച്ച പഞ്ചസാര പരലുകൾ ചേർക്കുന്നു.
- രുചി പരിശോധന
ഒരു ചെറിയ കഷണം ശർക്കര രുചിച്ചു നോക്കുക. ശർക്കരയുടെ തരം അനുസരിച്ച് മണ്ണിന്റെ രുചിയുള്ള, മധുരമുള്ള, കാപ്പി പോലുള്ള അല്ലെങ്കിൽ ഡാർക്ക് ചോക്ലേറ്റ് പോലുള്ള രുചി ഉണ്ടായിരിക്കണം. ഉപ്പുരസം കൂടുതലാണെങ്കിൽ, അത് മായം ചേർത്തിട്ടുണ്ടെന്നാണ് അർത്ഥമാക്കുന്നത്.
- ജല പരിശോധന
പലപ്പോഴും ശർക്കരയുടെ അളവ് വർധിപ്പിക്കുന്നതിന് ചോക്കു പൊടി ഉപയോഗിച്ച് മായം ചേർക്കാറുണ്ട്. ചോക്കു പൊടി പോലുള്ള മാലിന്യങ്ങൾ കണ്ടെത്തുന്നതിനുള്ള ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു പരിശോധനയാണ് ജല പരിശോധന. നിങ്ങൾ ചെയ്യേണ്ടത് ഇതാ: ഒരു കഷണം ശർക്കര വെള്ളത്തിൽ ലയിപ്പിക്കുക.ഇനി മിശ്രിതം പാൽ പോലെ തോന്നുന്നുണ്ടോ? കുറച്ചു സമയത്തിന് ശേഷം മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് നിങ്ങൾ കാണുന്നുണ്ടോ? എങ്കിൽ ശർക്കരയിൽ ചോക്കു പൊടി ചേർത്തിട്ടുണ്ടെന്നതിന്റെ സൂചനയാണിത്.
ശുദ്ധമായ ശർക്കര ക്രമേണ അലിഞ്ഞുചേരും. ഒരു പശയുള്ള സിറപ്പ് അവശേഷിപ്പിക്കും.വെള്ളത്തിൽ പൂർണമായും ലയിക്കുമ്പോൾ ശർക്കര തവിട്ടു നിറത്തിലും തിളക്കമുള്ളതും അർധ സുതാര്യവുമായിരിക്കും. ശർക്കരയിൽ മാലിന്യങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിൽ അത് കട്ടകളായി മാറുകയോ വെള്ളത്തിൽ ലയിക്കാതെ തുടരുകയോ ചെയ്യും.
വീട്ടിൽ ശർക്കരയുടെ പരിശുദ്ധി പരിശോധിക്കുന്നതിനുള്ള ചില സാധാരണ രീതികൾ ഇവയാണ്. ഇനി ശർക്കരയിൽ മായം ചേർക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ കൃത്യമായ കണ്ടെത്തലിനായി, ലബോറട്ടറി പരിശോധനകൾ ലഭ്യമാണ്. ആൽക്കഹോൾ, ഹൈഡ്രോക്ലോറിക് ആസിഡ് എന്നിവ ഉപയോഗിച്ചാണ് അത്തരം പരിശോധനകൾ.
ഇതിൽ അര ടീസ്പൂൺ ശർക്കരയിൽ 3 മില്ലി ആൽക്കഹോൾ ചേർക്കുന്നു. തുടർന്ന്, ഈ മിശ്രിതത്തിലേക്ക് 10 തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ചേർക്കുന്നു. ലായനി പിങ്ക് നിറമാകുന്നത് സൂചിപ്പിക്കുന്നത് ശർക്കരയിൽ മെറ്റാനിൽ മഞ്ഞ എന്ന കളറിംഗ് ചേർത്തിട്ടുണ്ടെന്നാണ്.
ശർക്കര വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്:
നിങ്ങളുടെ ശർക്കര ആധികാരികമാണെന്ന് ഉറപ്പാക്കാനുള്ള ഏറ്റവും നല്ല മാർഗം എല്ലായ്പ്പോഴും വിശ്വസനീയമായ ഒരു ഉറവിടത്തിൽ നിന്ന് വാങ്ങുക എന്നതാണ്. ശുചിത്വപരമായി പാക്ക് ചെയ്ത നല്ല നിലവാരമുള്ള ശർക്കര വാങ്ങാൻ ശ്രമിക്കുക.