നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കുറ്റമറ്റതാകണം, നീറ്റില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി

news image
Jun 18, 2024, 8:39 am GMT+0000 payyolionline.in
ദില്ലി: നീറ്റില്‍ നിലപാട് കടുപ്പിച്ച് സുപ്രീംകോടതി. പരീക്ഷയില്‍ നേരിയ അശ്രദ്ധയുണ്ടായാല്‍ പോലും ഏറെ ഗൗരവത്തോടെ കാണണമെന്ന് കോടതി പറഞ്ഞു. വീഴ്ചയുണ്ടായാല്‍ അത് സമയബന്ധിതമായി പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ച കോടതി കേന്ദ്രത്തിനും, നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കും നോട്ടീസ് അയച്ചു. ഇതിനിടെ പരീക്ഷത്തലേന്ന് ചോദ്യ പേപ്പര്‍ കിട്ടിയതായി ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ സമ്മതിച്ചെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

ഉപദേശ രൂപേണ എന്നാല്‍ കടുത്ത നിലപാട് മുന്‍പോട്ട് വച്ചാണ് നീറ്റിലെ റിട്ട് പരാതികളില്‍ സുപ്രീംകോടതി നീരീക്ഷണം നടത്തിയത്. കഠിനാധ്വാനം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത്. ആ പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിഗ് ഏജന്‍സി കുറ്റമറ്റതാകണം. ഒരു തെറ്റ് സംഭവിച്ചെങ്കില്‍ അത് സമ്മതിക്കണം. അത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണം. അത് വിദ്യാര്‍ത്ഥികള്‍ക്കും, ഏജന്‍സിക്ക് തന്നെയും ആത്മവിശ്വാസം കൂട്ടും. സമയ ബന്ധിതമായ നടപടിയാണ് എന്‍ടിഎയില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

 

തട്ടിപ്പ് നടത്തി ഡോക്ടറാകുന്നയാള്‍ സമൂഹത്തിന് എത്രത്തോളം അപകടകാരിയാകുമെന്ന് ചിന്തിക്കണമെന്ന് കൂടി പറഞ്ഞതോടെ നീറ്റില്‍ ഇതിനോടകം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ കോടതിയും സൂക്ഷ്മമായി നീരീക്ഷിക്കുന്നുവെന്ന് വിലയിരുത്താം. കേന്ദ്രത്തിനും, എന്‍ടിഎയ്കും വീണ്ടും നോട്ടീസ് നല്‍കിയ കോടതി മുന്‍ നിശ്ചയിച്ച പോലെ കേസ് 8ന് വീണ്ടും പരിഗണിക്കുമെന്ന് വ്യക്തമാക്കി.

 

ഇതിനിടെ ബിഹാറില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ കുറ്റം സമ്മതം നടത്തിയതായി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം വ്യക്തമാക്കി. ലക്ഷങ്ങള്‍ നല്‍കിയെന്നും, ചോദ്യപേപ്പര്‍ തലേന്ന് കിട്ടിയെന്നുമാണ് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം കൂടുതല്‍ ശക്തമായി. ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ജന്തര്‍മന്തറില്‍ പ്രതിഷേധമുയര്‍ത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe