നാളത്തെ ഹർത്താലുമായി സഹകരിക്കില്ല; കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

news image
Apr 27, 2026, 2:20 pm GMT+0000 payyolionline.in

കൊച്ചി: ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാളെ പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് വിവിധ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ, സംഘടനയിൽ അംഗങ്ങളായ എല്ലാ വ്യാപാരികളും നാളെ പതിവുപോലെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ് വ്യക്തമാക്കി.

 

നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം നിലവിൽ ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് പി.സി. ജേക്കബ് പറഞ്ഞു. കേസിലെ പ്രധാന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതും അന്വേഷണം ഊർജ്ജിതമാക്കിയതും കണക്കിലെടുക്കുമ്പോൾ ഹർത്താലിന്റെ പ്രസക്തിയില്ലെന്നാണ് സംഘടനയുടെ വിലയിരുത്തൽ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ നടക്കുമ്പോൾ, ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്ന ഹർത്താൽ അനവസരത്തിലുള്ളതാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ കൂട്ടിച്ചേർത്തു.

 

സംസ്ഥാനത്തെ സാധാരണ ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം സമരമുറകളോട് യോജിക്കാനാവില്ലെന്നും വ്യാപാര മേഖലയുടെ താൽപ്പര്യം മുൻനിർത്തി നാളെ എല്ലാ സ്ഥാപനങ്ങളും തുറന്നുപ്രവർത്തിക്കുമെന്നും സമിതി ഉറപ്പിച്ചുപറഞ്ഞു. ഒപ്പം വ്യാപാരികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe