നാദാപുരം: വടകരയിലേക്കു കുടിവെള്ളം പമ്പ് ചെയ്യുന്നത് മുടങ്ങാതിരിക്കാൻ വിഷ്ണുമംഗലം പുഴയിലെ ജല അതോറിറ്റി പമ്പ് ഹൗസ് പരിസരത്തെ കോൺക്രീറ്റ് ബണ്ടിന്റെ 4 ഷട്ടറുകളും ഇന്നലെ അടച്ചു. ഇതോടെ, ബണ്ടിന്റെ താഴ് ഭാഗത്തു വരുന്ന ഇയ്യങ്കോട്, പേരോട്, പുളിയാവ് തുടങ്ങിയ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകും. കിണറുകളിൽ വെള്ളം വലിഞ്ഞു പോകാനും കാരണമാകും.
വിഷ്ണുമംഗലം, പെരുവങ്കര, ജാതിയേരി, തെരുവൻപറമ്പ് ഭാഗങ്ങളിൽ പുഴ വെള്ളം ഗണ്യമായി ഉയരും. പുഴയിൽ കാലികളെ ഇറക്കുന്നതും കുളിക്കുന്നതും അലയ്ക്കുന്നതും വിലക്കി. ജനുവരി ആദ്യത്തിൽ തന്നെ ബണ്ട് ഷട്ടറുകൾ അടയ്ക്കുകയാണ് പതിവെങ്കിലും ഇത്തവണ പുഴയിൽ ധാരാളം വെള്ളമുള്ളതിനാൽ ഷട്ടറുകൾ അടയ്ക്കുന്നത് നീട്ടുകയായിരുന്നു. വെള്ളം ഗണ്യമായി കുറയുകയും പുറമേരിയിലെ ശുചീകരണ പ്ലാന്റിലേക്കുള്ള പമ്പിങ്ങിനു തടസ്സം നേരിടുമെന്നാവുകയും ചെയ്തതോടെയാണ് ഷട്ടറുകൾ താഴ്ത്തിയത്.