നന്തി ബസാർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നന്തി ടൗണിൽ രൂപപ്പെട്ട രൂക്ഷമായ ജനദുരിതങ്ങൾക്ക് ഒടുവിൽ പരിഹാരമാകുന്നു. കഴിഞ്ഞ അഞ്ചു വർഷത്തോളമായി മഴക്കാലത്ത് ടൗണിൽ ചളിവെള്ളം നിറഞ്ഞ് വ്യാപാരികളും പൊതുജനങ്ങളും അനുഭവിക്കുന്ന ദുരിതം നേരിട്ട് ബോധ്യപ്പെടാനായി സ്ഥലം എം.എൽ.എ അഡ്വ. കെ. പ്രവീൺ കുമാർ ഉദ്യോഗസ്ഥരുമായി ടൗണിൽ സന്ദർശനം നടത്തി.
ദേശീയപാത അതോറിറ്റി (NH), പൊതുമരാമത്ത് വകുപ്പ് (PWD), ഉപകരാർ കമ്പനിയായ വഗാഡ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരെ എം.എൽ.എ പെട്ടെന്ന് സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തടസ്സപ്പെട്ടുകിടക്കുന്ന നിർമ്മാണ ജോലികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് അദ്ദേഹം കർശന നിർദ്ദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ, വരും തിങ്കളാഴ്ച മുതൽ പള്ളിക്കര റോഡിന്റെയും അടിപ്പാതയുടെയും ബാക്കിയുള്ള പണികൾ അടിയന്തരമായി ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി.
കച്ചവടക്കാരും പള്ളിയും വെള്ളക്കെട്ടിൽ; സ്ലാബ് വാർത്തത് വിനയായി
ദേശീയപാത വികസനത്തെ തുടർന്ന് നന്തിയിലെ കച്ചവടക്കാരാണ് ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നത്. കടകളിൽ ചളിവെള്ളം കയറുന്നതോടെ ടൗണിലേക്ക് ആളുകൾ വരാത്ത അവസ്ഥയാണ്. വേനൽക്കാലത്ത് ചുവന്ന പൊടിപടലങ്ങൾ കൊണ്ടും, മഴക്കാലത്ത് വെള്ളക്കെട്ട് കൊണ്ടും ടൗൺ ശ്വാസംമുട്ടുകയാണ്. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിവിടാൻ ഓടകളില്ലാത്തതും നിലവിലുള്ളവ അടഞ്ഞുകിടക്കുന്നതുമാണ് പ്രധാന പ്രശ്നം. ദേശീയപാതയ്ക്കായി പണിത ഡ്രെയിനേജിൽ മാലിന്യങ്ങൾ നിറഞ്ഞിട്ടുണ്ടെങ്കിലും, മുകളിൽ സ്ലാബ് ഒന്നിച്ച് വാർത്തതിനാൽ ഇവ വൃത്തിയാക്കാൻ പറ്റാത്തത് വലിയ വിനയായി മാറിയിരിക്കുകയാണ്. ടൗണിലെ മുജാഹിദ് പള്ളിയാകെ വെള്ളത്തിൽ മുങ്ങുന്നതും പതിവാണ്.
സന്ദർശന വേളയിൽ എം.എൽ.എയ്ക്ക് നേരിട്ട് വിവരങ്ങൾ നൽകാൻ വ്യാപാരി വ്യവസായി നേതാക്കളും ഓട്ടോറിക്ഷാ തൊഴിലാളികളും സ്ഥലത്തെത്തിയിരുന്നു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില, വാർഡ് മെമ്പർ അനസ് ആയടത്തിൽ, എ.വി. ഉസ്ന, രാജേഷ് കീഴരിയൂർ, സനീർ വില്ലങ്കണ്ടി, പവിത്രൻ ആതിര, എ. അസീസ് മാസ്റ്റർ തുടങ്ങിയ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക ഭാരവാഹികളും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു.
