ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കാസര്‍കോട്ട്; കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം മുഹമ്മദ് റിയാസും പങ്കെടുക്കും

news image
Jan 5, 2024, 4:20 am GMT+0000 payyolionline.in

കാസര്‍കോട്: ഭാരത് പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് നിര്‍മ്മാണം ആരംഭിക്കുന്നതും പൂര്‍ത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കാസര്‍കോട് താളിപ്പടപ്പ് മൈതാനത്തിലാണ് പരിപാടി. കേന്ദ്രമന്ത്രിമാരായ ഡോ.വി.കെ.സിംഗ്, വി. മുരളീധരന്‍ എന്നിവര്‍ക്കൊപ്പം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുക്കും.

സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചെറുതോണി പാലത്തിന്‍റെയും മൂന്നാര്‍ ബോഡിമേട്ട് റോഡിന്‍റെയും ഉദ്ഘാടനവും ഇന്ന് നടക്കും. അരികൊമ്പന്‍റെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാര്‍- ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കില്‍ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. ഇന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായി നിർമിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിന്‍റെ നിര്‍മ്മാണ ചിലവ് 20 കോടിയാണ്.

മുന്നാര്‍- ബോഡിമേട്ട് റോഡിന്‍റെ നിര്‍മ്മാണ അവകാശത്തെ ചോല്ലിയും നേരത്തെ നിരവധി തര്‍ക്കങ്ങള്‍ സമുഹമാധ്യമങ്ങളിലുണ്ടായതാണ്. കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാര്‍ മുതല്‍ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവ് 382 കോടി രുപയാണ് ചെലവായത്. ചെറുതോണി പാലവും മുന്നാര്‍ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാര്‍ പാലത്തിന്‍റെയും ഉദ്ഘാടനം ഇന്ന് നടക്കുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe