ദേശീയപാതാ വികസനം: തിക്കോടിയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുന്നു

news image
Jan 30, 2025, 12:51 pm GMT+0000 payyolionline.in

പയ്യോളി: തിക്കോടി പഞ്ചായത്ത് ബസാറിന്റെ പടിഞ്ഞാറ് ഭാഗത്ത് മഴക്കാലത്ത് രൂപപ്പെടുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാവുന്നു. ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി പുതിയ  ഒരു ക്രോസ്സ് കള്‍വെര്‍ട്ട് പഞ്ചായത്ത് ബസാറില്‍ നിര്‍മ്മിക്കുന്നതോടെയാണ് ഈ പ്രശ്നം പരിഹരിക്കപ്പെടുന്നത്. നില്‍വിലെ അടിപ്പാതയ്ക്ക് തൊട്ടടുത്തായി സമാന്തരമായാണ് കള്‍വെര്‍ട്ട് നിര്‍മ്മിക്കുന്നത്.

ഇക്കഴിഞ്ഞ മഴക്കാലത്ത് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് മുട്ടറ്റം വെള്ളത്തിലാണ് ജനങ്ങള്‍ സഞ്ചരിക്കേണ്ടി വന്നത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളം കയറി തകരാറിലാവുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാന്‍ വൈകിയതോടെ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് അനിശ്കിതകാല സത്യാഗ്രഹവും നടത്തി.  ഒടുവില്‍ ദേശീയപാതയുടെ ഡ്രൈനേജ് മുറിച്ച് വെള്ളം കിഴക്കോട്ട് ഒഴുക്കിയതോടെയാണ് വെള്ളക്കെട്ട് ഒഴിവായത്.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി ഉണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായി തിക്കോടി പഞ്ചായത്ത് ബസാറില്‍ നിര്‍മ്മിക്കുന്ന ക്രോസ്സ് കള്‍വെര്‍ട്ട്

പ്രദേശത്തിന്റെ ഭൂപ്രകൃതി അനുസരിച്ച് സാധാരണ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തിക്കോടി പഞ്ചായത്ത് ബസാറില്‍ പടിഞ്ഞാറു ഭാഗം ഉയര്‍ന്നും കിഴക്ക് ഭാഗം താഴ്ന്നതുമാണ് വെള്ളക്കെട്ടിന് കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയത്. പഞ്ചായത്തിന് കിഴക്കുള്ള  ഓടംകുളത്തിലേക്കാണ് നേരത്തെ ഇവിടത്തെ വെള്ളം ഒഴുകാറുള്ളത്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന കള്‍വെര്‍ട്ടിലൂടെയുള്ള വെള്ളവും ഓടംകുളത്തിലേക്കാണ് ഒഴുക്കുന്നത്. എന്നാല്‍ ദേശീയപാതയുടെ ഭാഗം കഴിഞ്ഞ് ഒഴുകിയെത്തുന്ന വെള്ളം പോവാന്‍ നിലവിലുള്ള പൊതുമാരാമത്ത് വകുപ്പിന്റെ കൈവശമുള്ള ഡ്രൈനേജ് വീതികൂട്ടേണ്ടി വരുമെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. അതേ സമയം പുതുതായി നിര്‍മ്മിക്കുന്ന കള്‍വെര്‍ട്ടിന്റെ അവകാശം ഏറ്റെടുത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പരിസരത്ത് സ്ഥാപിച്ച ബോര്‍ഡ് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe