ദേവസ്വം ബോർഡിൽ ജോലി: വാഗ്ദാനം ചെയ്ത് 4.75 ലക്ഷത്തിന്റെ തട്ടിപ്പ്; 4 പേർക്കെതിരെ കേസ്

news image
Nov 10, 2022, 3:11 am GMT+0000 payyolionline.in

വൈക്കം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ വൈക്കം നഗരസഭയിലെ സിപിഎം കൗൺസിലർ കെ.പി.സതീശൻ ഉൾപ്പെടെ നാലു പേർക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു.

റിട്ടയേഡ് എസ്ഐ വൈക്കം കാരയിൽ മാനശേരിൽ എം.കെ.സുരേന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസ്. കെ.പി.സതീശൻ, ഭാര്യ രേണുക, വെച്ചൂർ സ്വദേശി ബിനീഷ്, കോട്ടയം സ്വദേശി അക്ഷയ് എന്നിവർ ചേർന്ന് 4.75 ലക്ഷം രൂപ തട്ടിയെടുത്തതായാണു പരാതി. 6 ലക്ഷം രൂപ നൽകിയാൽ ദേവസ്വം ബോർഡിൽ ഗാർഡിന്റെ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു വാഗ്ദാനം. മകനു വേണ്ടിയാണു സുരേന്ദ്രൻ പണം നൽകിയത്. 50,000 രൂപ 2019 ഡിസംബറിൽ സതീശന്റെ വീട്ടിൽ എത്തിച്ചു കൊടുത്തെന്നു സുരേന്ദ്രൻ പറയുന്നു.

2020 ജനുവരിയിൽ അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫിസിലെ ജീവനക്കാരനാണെന്നു പരിചയപ്പെടുത്തിയ വെച്ചൂർ സ്വദേശി ബിനീഷിനു വേണ്ടിയെന്നു പറഞ്ഞ് ഒന്നര ലക്ഷം രൂപ സതീശൻ വാങ്ങി. 2020 ഫെബ്രുവരിയിൽ അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവിന് എന്നു പറഞ്ഞ് ഒരു ലക്ഷം രൂപയും വാങ്ങി. തുടർന്നു ജോലി ശരിയായെന്നു പറഞ്ഞ് കോട്ടയം സ്വദേശി അക്ഷയ് എന്നയാളുടെ അക്കൗണ്ടിലേക്ക് ഒന്നര ലക്ഷം നിക്ഷേപിക്കാനും ആവശ്യപ്പെട്ടുവെന്നും സുരേന്ദ്രൻ പറയുന്നു. ഈ തുകയും പിന്നീട് പല തവണയായും പണം നൽകിയെന്നു പരാതിയിൽ പറയുന്നു.

എന്നാൽ, ജോലി കിട്ടിയതുമില്ല; പല തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരിച്ചുമില്ല. അതേസമയം, താൻ പണം വാങ്ങിയിട്ടില്ലെന്നും സിപിഎം വെച്ചൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ബിനീഷ് എന്നയാളെ പരിചയപ്പെടുത്തുക മാത്രമാണു ചെയ്തതെന്നും കെ.പി.സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe