ദുരിത മഴ തുടരുന്നു; വീടിന് മുകളിൽ മരം വീണ് അപകടം, ​ഗതാ​ഗത തടസം; പെരിയാർ തീരത്ത് ജാ​ഗ്രതാ നിർദേശം

news image
Jun 26, 2024, 3:59 am GMT+0000 payyolionline.in
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ തുടരുന്നു. ഇടുക്കി ഏലപ്പാറ ബോണാമിയിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് വീട് ഭാഗീകമായി തകർന്നു. പുതുവൽ സ്വദ്ദേശി കെ.പി ചുപ്പയ്യയുടെ വീടിന് മുകളിലാണ് മരം വീണത്. വീടിനുള്ളിലുണ്ടായിരുന്ന ചിപ്പയ്യയും ഭാര്യയും മകനും പരിക്ക് ഏൽക്കാതെ രക്ഷപെട്ടു. അമ്പലപ്പുഴയിൽ ശക്തമായ കാറ്റിൽ വീടിൻ്റെ മേൽക്കൂര തകർന്ന് മാതാവിനും 4 വയസുള്ള കുട്ടിക്കും പരിക്കേറ്റു. കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാന്റെ വീടാണ് തകർന്നത്. മൂന്നാർ ദേവികുളം കോളനിയിൽ വീടിനു മുകളിലേക്ക് കരിങ്കൽ കെട്ട് ഇടിഞ്ഞു വീണ് അപകടം. വിൽസൻ എന്ന ആളുടെ  വീടിന് മുകളിലേക്കാണ് കരിങ്കല്ലുകൾ പതിച്ചത്. വിൽസനും ഭാര്യയും രണ്ടു കുട്ടികളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

മഴയെ തുടർന്ന് കല്ലാർകുട്ടി ഡാമിന്റെ 2 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പാംബ്ല ഡാമിൻ്റെ ഷട്ടറുകളും തുറന്നു. രണ്ട് ഷട്ടറുകൾ ഉയർത്തി നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. പെരിയാർ തീരത്ത്  പ്രദേശവാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്.

പത്തനംതിട്ട പെരുനാട് അരയാഞ്ഞിലിമൺ കോസ് വേ വെള്ളത്തിൽ മുങ്ങി. നദിക്ക് കുറുകെ മറുകര എത്താൻ 400 ഓളം കുടുംബങ്ങൾ ആശ്രയിക്കുന്ന പാതയാണിത്.  എറണാകുളം കോതമംഗലത്ത് കിഴക്കൻ മേഖലയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് മുങ്ങി. ബ്ലാവനയിൽ ജങ്കാർ സർവ്വീസ് നിലക്കുകയും ചെയ്തതോടെ ആറും ഏഴും വാർഡിലെ ജനങ്ങൾ ദുരിതത്തിലായി. അതുപോലെ ഇടുക്കി രാജാക്കാട് – മൈലാടും പാറ റൂട്ടിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. തിങ്കൾ കാട് കോളനിക്ക് സമീപമാണ് മരം വീണത്. മരം മുറിച്ചു മാറ്റാൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe