ദുബായ്: ദുബായിൽ തിരക്കിനനുസരിച്ച് വ്യത്യസ്തമായ പാർക്കിങ് നിരക്ക് ഈടാക്കുന്ന സംവിധാനം ഏപ്രിൽ 4 മുതൽ നടപ്പിലാക്കും. പുതിയ പാർക്കിങ് നിരക്ക് ഏർപ്പെടുത്താനുള്ള നിർദ്ദേശം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിൽ നിന്ന് ലഭിച്ചതായി പാർക്കിങ് നിയന്ത്രണ സ്ഥാപനമായ പാർക്കിൻ കമ്പനി അറിയിച്ചു. ദുബായിൽ നാല് താരിഫ് സോണുകളായാണ് പാർക്കിങ് സ്ഥലങ്ങൾ വേർതിരിച്ചിട്ടുള്ളത്.
എ, ബി, സി, ഡി എന്നിങ്ങനെ വേർതിരിച്ചിട്ടുള്ള സോണുകളിൽ പ്രീമിയം, സ്റ്റാന്റേർഡ് മേഖലകളും റോഡരികിലുള്ളതും അല്ലാത്തതുമായ പാർക്കിങ് സ്ഥലങ്ങളും ഉൾപ്പെടും. ഈ സോണുകളിൽ രാവിലെ 8 മുതൽ 10 വരെയും വൈകുന്നേരം 4 മുതൽ രാത്രി 8 വരെയും 6 ദിർഹം ഈടാക്കും. അവധിദിനങ്ങളിൽ ഈ നിരക്ക് ബാധകമല്ല.അതേസമയം രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെയും രാത്രി എട്ടുമുതൽ രാത്രി 10 വരെയും ഫീസിൽ മാറ്റമുണ്ടാകില്ല. സോൺ ‘ബി’യിലും ‘ഡി’യിലും ദിവസേന നിരക്ക് നിലവിലുണ്ടാകും. പ്രീമിയം പാർക്കിങ്ങിനുള്ള പ്രതിദിന നിരക്ക് സോൺ ബിയിൽ 40 ദിർഹവും സോൺ ഡിയിൽ 30 ദിർഹവുമാണ്.സൂപ്പർ പ്രീമിയം സോണുകളിൽ പ്രത്യേക ഇവന്റുകൾ നടക്കുമ്പോൾ 25 ദിർഹമായിരിക്കും മണിക്കൂറിൽ ഈടാക്കുക.